NEWSROOM

ഉമ തോമസ് വെന്റിലേറ്ററില്‍ തുടരും; ശ്വാസകോശത്തിനേറ്റ ചതവുകള്‍ കൂടി, ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ല: മെഡിക്കല്‍ ബുള്ളറ്റിന്‍

രാവിലെ നടത്തിയ സി.ടി സ്കാന്‍ പരിശോധനയില്‍ തലയിലെ പരുക്കിന്‍റെ അവസ്ഥ കൂടുതല്‍ ഗുരുതരമല്ലെന്ന് കണ്ടെത്തി

Author : ന്യൂസ് ഡെസ്ക്

ഉമ തോമസ് എംഎല്‍എ കുറച്ചുദിവസം കൂടി വെന്‍റിലേറ്ററില്‍ തുടരേണ്ട ആവശ്യകതയുണ്ടെന്ന് ആശുപത്രി അധികൃതർ. ആന്തരിക രക്തസ്രാവം വർധിച്ചിട്ടില്ലെന്നും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പ്പം കൂടിയിട്ടുണ്ടെന്നുമാണ് റെനായ് മെഡിസിറ്റി ഇന്ന് രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍.



രാവിലെ നടത്തിയ സി.ടി സ്കാന്‍ പരിശോധനയില്‍ തലയിലെ പരുക്കിന്‍റെ അവസ്ഥ കൂടുതല്‍ ഗുരുതരമല്ലെന്ന് കണ്ടെത്തി. എംഎല്‍എയുടെ വൈറ്റല്‍സ് സ്റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിനേറ്റ സാരമായ ചതവുകാരണമാണ് കുറച്ചുദിവസം കൂടി വെന്‍റിലേറ്ററില്‍ ചികിത്സ തുടരുന്നതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കലൂ‍ർ ജവഹ‍ർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതര പരുക്കേറ്റത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി സംഘടിപ്പിച്ച 'മൃദംഗനാദം മൃദംഗവിഷൻ' മെഗാ ഭരതനാട്യം അരങ്ങേറുന്നതിനു മുന്നോടിയായി നടന്ന പരിപാടിക്കിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തില്‍ നിന്നാണ് ഉമ തോമസ് വീണത്.

SCROLL FOR NEXT