ഗാസ സ്ട്രിപ്പില്‍ പലസ്തീന്‍ ആരോഗ്യ വിഭാഗത്തിന്‍റെയും ഐക്യരാഷ്ട്ര സഭയുടെയും നേതൃത്വത്തില്‍ പോളിയോ വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. മധ്യ ഗാസയിലാണ് ഇപ്പോള്‍ വാക്സിനേഷന്‍സ് നടന്നു കൊണ്ടിരിക്കുന്നത്. ബുധനാഴ്ചയ്ക്കകം ഇത് പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
മധ്യ ഗാസയിലെ വാക്സസിനേഷന്‍ പൂർത്തിയായ ശേഷമായിരുക്കും വടക്ക്, തെക്ക് പ്രവിശ്യകളില്‍ വാക്സിനേഷന്‍ ക്യാമ്പയില്‍ ആരംഭിക്കുക. ഈ പ്രദേശങ്ങളില്‍ ഇസ്രയേല്‍ ആക്രമണങ്ങളും, ക്ഷാമവും രൂക്ഷമാണ്. ഞായറാഴ്ച ചെറിയ രീതിയില്‍ ആരംഭിച്ച ക്യാമ്പയിന്‍ 640,000 കുട്ടികളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.
ലോക ആരോഗ്യ സംഘടന പറയുന്നത് പ്രകാരം, ക്യാമ്പയിന്‍ നടത്തിപ്പ് സുഗമമാക്കാന്‍ പരിമിതമായ രീതിയില്‍ ആക്രമണങ്ങളില്‍ ഇളവ് വരുത്താന്‍ ഇസ്രയേല്‍ സമ്മതിച്ചിരുന്നു. എന്നാല്‍, ഇസ്രയേല്‍ ആക്രമണങ്ങള്‍ കുറച്ചിട്ടില്ല. ഗാസയില്‍ ഇപ്പോഴും ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. ഗാസ സിറ്റിയിലും ബുറൈജ് അഭയാർത്ഥി ക്യാമ്പിലും നടന്ന വ്യോമാക്രമണങ്ങളില്‍ ഒരു ചെറിയ പെണ്‍കുട്ടിയടക്കം നിരവധിപേരാണ് കൊല്ലപ്പെട്ടത്.
മധ്യ ഗാസയിലെ മൂന്ന് ഹെല്‍ത്ത് സെന്‍ററില്‍ ഞായറാഴ്ച ഔദ്യോഗികമായി ആരംഭിച്ച വാക്സിനേഷന്‍ ക്യാമ്പയിനിന്‍റെ ഭാഗമായി നിരവധി കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി. ഡ്രോണുകള്‍ മുകളിലൂടെ പറക്കുമ്പോഴാണ് ഒന്ന് മുതല്‍ പത്ത് വയസ് വരെ പ്രായമുള്ള കുട്ടികള്‍ വാക്സിന്‍ എടുക്കാനെത്തിയതെന്ന് മധ്യ ഗാസയിലെ അല്‍ അവ്ദ ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടർ യാസർ ഷാബാനെ പറഞ്ഞു.
ALSO READ: "ഞങ്ങള്‍ നിങ്ങളെ വേട്ടയാടി പിടിക്കും, എന്നിട്ട് പകരം വീട്ടും"; ഹമാസിന് മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു
25 വർഷത്തിനു ശേഷം കഴിഞ്ഞ മാസമാണ് ഗാസയില്‍ പോളിയോ സ്ഥിരീകരിച്ചത്. യുദ്ധം കാരണം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള സൗകര്യം ഗാസയില്‍ ഉണ്ടായിരുന്നില്ല. പത്ത് മാസം പ്രായമുള്ള കുഞ്ഞിനാണ് പോളിയോ ബാധിച്ച് ശരീരം ഭാഗികമായി തളർന്നത്. ഇതിനു ശേഷമാണ് വാക്സിനേഷന്‍ ക്യാമ്പയിന്‍ നടത്താന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്.
അതേസമയം ഗാസയിലും വെസ്റ്റ് ബാങ്കിലും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഞായറാഴ്ച രാവിലെയാണ് റഫയിലെ ടണലില്‍ നിന്നും ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹം ഇസ്രയേല്‍ പ്രതിരോധ സേന കണ്ടെത്തിയത്. സൈന്യം എത്തുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പാണ് ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യത്തിന്‍റെ വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിന് പകരം വീട്ടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചിരുന്നു. ഹമാസിനു നേരെയുള്ള ആക്രമണം ഇസ്രയേല്‍ ശക്തമാക്കുമെന്ന സൂചനയാണിത്. ഇത് വാക്സിനേഷന്‍ ക്യാമ്പയിനെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.