NEWSROOM

മാസങ്ങളോളം ലൈംഗിക അടിമകളാക്കി കൂട്ടബലാത്സംഗത്തിനിരയാക്കി; സുഡാനിലെ ക്രൂരതകൾ പുറത്തുവിട്ട് യുഎൻ

സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസും തമ്മിലുള്ള 18 മാസത്തെ അധികാര പിടിവലിക്ക് പിന്നില്‍ ഗുരുതര യുദ്ധകുറ്റകൃത്യങ്ങള്‍ സുഡാനില്‍ അരങ്ങേറുന്നുവെന്നാണ് യുഎന്‍ മിഷന്‍റെ റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഗുരുതര ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. മാസങ്ങളോളം ലൈംഗിക അടിമകളാക്കി കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നതിന്‍റേയും, നിർബന്ധിത ഗർഭധാരണത്തിന്‍റേയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് റിപ്പോർട്ടിലുള്ളത്.

സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസും തമ്മിലുള്ള 18 മാസത്തെ അധികാര പിടിവലിക്ക് പിന്നില്‍ ഗുരുതര യുദ്ധകുറ്റകൃത്യങ്ങള്‍ സുഡാനില്‍ അരങ്ങേറുന്നുവെന്നാണ് യുഎന്‍ മിഷന്‍റെ റിപ്പോർട്ട്. ആഭ്യന്തര യുദ്ധത്തില്‍ ശക്തിപ്രകടനത്തിനുള്ള ആയുധമായി ലൈംഗിക കുറ്റകൃത്യങ്ങള്‍ മാറുന്നു. എട്ടുവയസ് പ്രായമുള്ള കുട്ടികള്‍ മുതല്‍ 75 വയസ് പ്രായമുള്ളവർ വരെ ആർഎസ്‌എഫിന്‍റെയും അനുബന്ധ സായുധ സംഘങ്ങളുടെയും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായി. ഇരകളുടെയും ദൃക്സാക്ഷികളുടെയും മൊഴികള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ 80 പേജുള്ള റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.


പട്ടാപകല്‍ തെരുവുകളില്‍പോലും ബലാത്സംഗങ്ങള്‍ നടക്കുന്നു. വീട്ടിലേക്ക് ഇരച്ചുകയറുന്ന സംഘങ്ങള്‍ മാതാപിതാക്കളുടെ മുന്നില്‍വെച്ച് മക്കളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നു. തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയും മാസങ്ങളോളം ലൈംഗിക അടിമകളാക്കിവെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്യുന്നു. ഇത്തരം ബലാത്സംഗങ്ങള്‍ക്കിരയായി അക്രമികളുടെ കുട്ടികള്‍ക്ക് ജന്മം കൊടുക്കേണ്ടിവന്നവരുടേതടക്കം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് റിപ്പോർട്ടിലുള്ളത്.

ധാതുസമ്പന്നമായ സുഡാനില്‍ അധികാരത്തിനുവേണ്ടിയുള്ള വിവിധ സായുധ സംഘങ്ങളുടെ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. രാജ്യത്തെ അറബ് ഇതര സമൂഹങ്ങള്‍ക്കെതിരായ വംശീയാതിക്രമങ്ങളായും ഇത് മാറിയിട്ടുണ്ട്. പടിഞ്ഞാറല്‍ ഡാർഫൂറിലെ മസാലിത്ത് വിഭാഗത്തിലെ സ്ത്രീകളെ ലക്ഷ്യംവെച്ചുള്ള ലെെംഗികാതിക്രമങ്ങളും നിർബന്ധിത ഗർഭധാരണത്തിന്‍റേതടക്കം മൊഴികളും ഇതിന് തെളിവായി റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു. ചെറിയ തോതിലെങ്കിലും സുഡാനീസ് സൈന്യം ഉൾപ്പെട്ട ലൈംഗികാതിക്രമ കേസുകളിലേക്കും റിപ്പോർട്ട് വെളിച്ചം വീശുന്നുണ്ട്.

യുക്രെയ്ൻ, ഗാസ സംഘർഷങ്ങൾ ആഗോള തലത്തില്‍ ചർച്ചയാകുമ്പോള്‍, സുഡാനിലെ കലാപം ലോകത്തിന്‍റെ കണ്ണില്‍പ്പെടുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. 2023 ഏപ്രിലില്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതിനകം 14 ദശലക്ഷത്തിലധികം പേരാണ് കുടിയിറക്കപ്പെട്ടത്. ഇതില്‍ 11 ദശലക്ഷത്തോളം പേർ രാജ്യത്തിനകത്ത് സുരക്ഷ തേടി പലായനത്തിലാണെങ്കില്‍ മൂന്ന് ദശലക്ഷത്തിലധികം പേർ അതിർത്തി കടന്നു. അറബ് ശക്തികളുടെ പിന്തുണയുള്ള സംഘങ്ങളുടെ കൊള്ളയും തീവെപ്പും രാജ്യതലസ്ഥാനമായ ഖാർത്തൂം വരെയെത്തിയിട്ടും അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുകയാണെന്ന സുഡാന്‍ ജനതയുടെ രോഷവും ഉള്‍ക്കൊള്ളുന്നതാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.

SCROLL FOR NEXT