NEWSROOM

സഹായം ലഭിച്ചില്ലെങ്കില്‍ അടുത്ത 48 മണിക്കൂറില്‍ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കും; UN മുന്നറിയിപ്പ്

കഴിഞ്ഞ 11 ആഴ്ചകളായി ​ഗാസയിലേക്കുള്ള സഹായത്തിന് ഏർപ്പെടുത്തിയിരുന്ന ഉപരോധം ഞായറാഴ്ചയാണ് ഇസ്രയേല്‍ ലഘൂകരിച്ചത്

Author : ന്യൂസ് ഡെസ്ക്

അടുത്ത 48 മണിക്കൂറിനുള്ളിൽ ഗാസയിൽ സഹായം ലഭിക്കാതെ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന് യുഎൻ മുന്നറിയിപ്പ്. ​ഗാസയിലേക്കുള്ള സഹായങ്ങൾ ഇസ്രയേൽ തടസപ്പെടുത്തുന്ന ദയനീയാവസ്ഥയെപ്പറ്റി സംസാരിച്ച യുഎൻ ഹ്യുമാനിറ്റേറിയൻ ചീഫ് ടോം ഫ്ലെച്ചർ ആണ് മുന്നറിയിപ്പ് നൽകിയത്. ബിബിസിയുടെ റേഡിയോ 4 ന്റെ ടുഡേസ് പ്രോഗ്രാമിലായിരുന്നു ടോം ഫ്ലെച്ചറിന്റെ പരാമർശം.

കഴിഞ്ഞ 11 ആഴ്ചകളായി ​ഗാസയിലേക്കുള്ള സഹായത്തിന് ഏർപ്പെടുത്തിയിരുന്ന ഉപരോധം ഞായറാഴ്ചയാണ് ഇസ്രയേല്‍ ലഘൂകരിച്ചത്. അന്താരാഷ്ട്ര സമ്മർദത്തെ തുടർന്നാണ് ​ഗാസയിലെ ഭക്ഷ്യ പ്രതിസന്ധി പരി​ഹരിക്കാനായി മാനുഷിക സഹായങ്ങൾക്കുള്ള ഉപരോധം ലഘൂകരിക്കാൻ ബെഞ്ചമിൻ നെതന്യാഹു നിർബന്ധിതനായത്. എന്നാൽ ഇപ്പോഴും പൂർണതോതിൽ ​ഗാസയിലേക്ക് ഭക്ഷ്യ സഹായം എത്തിത്തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് യുഎൻ ഹ്യുമാനിറ്റേറിയൻ ചീഫിന്‍റെ മുന്നറിയിപ്പ്.

അഞ്ച് ട്രക്ക് സഹായം ഇന്നലെ ​ഗാസയിലേക്ക് പോയതായും ടോം ഫ്ലെച്ചർ അറിയിച്ചു. എന്നാൽ ഇത് 'സമുദ്രത്തിലെ ഒരു തുള്ളി' മാത്രമാണെന്നും ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ പൂർണമായും പര്യാപ്തമല്ലെന്നും ടോം വ്യക്തമാക്കി. കുട്ടികൾക്കുള്ള ഭക്ഷണവും പോഷകാഹാരവും അടങ്ങിയ എയ്ഡ് ട്രക്കുകൾ സാങ്കേതികമായി ഗാസയിലാണെങ്കിലും അതിർത്തിയുടെ മറുവശത്തായതിനാൽ സാധാരണക്കാരിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇസ്രയേൽ-​പലസ്തീൻ അതിർത്തിയിൽ എത്തിച്ചേർന്ന എയ്ഡ് ട്രക്കുകൾ എത്രയും പെട്ടെന്ന് ​ഗാസയിലെത്തിയില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന് ടോം ഫ്ലെച്ചർ വ്യക്തമാക്കി. എങ്ങനെ ഈ കണക്കിലേക്ക് യുഎൻ എത്തിയെന്നതിനും അദ്ദേഹം വ്യക്തമായ ഉത്തരം നൽകി. നിരവധി യുഎൻ പ്രവർത്തകർ ​ഗാസയിൽ കൊല്ലപ്പെട്ടെങ്കിലും ഇപ്പോഴും നിരവധി ആളുകൾ സ്ഥലത്തുണ്ടെന്നും അവർ മെഡിക്കൽ സെന്ററുകളും സ്കൂളുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു ടോം ഫ്ലെച്ചറിന്റെ ഉത്തരം.

SCROLL FOR NEXT