NEWSROOM

അണ്ടർ 19 ടി20 വിശ്വജേതാക്കളായി ഇന്ത്യൻ പെൺപട

ഫൈനലിൽ ടോസ് ഭാഗ്യം കൈവിട്ടെങ്കിലും ഇന്ത്യൻ പെൺപട അവസരത്തിനൊത്ത് ഉയർന്ന് ബൗളിങ്ങിൽ തിളങ്ങിയതോടെ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ റണ്ണടിച്ചുകൂട്ടാൻ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്.

Author : ന്യൂസ് ഡെസ്ക്


അണ്ടർ 19 ടി20 വനിതാ ക്രിക്കറ്റിൽ വിശ്വജേതാക്കളായി ഇന്ത്യയുടെ കൗമാരപ്പട. ക്വോലാലംപൂരിലെ ബയൂമാസ് ഓവൽ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്താണ് തുടർച്ചയായ രണ്ടാം കിരീടത്തിൽ ഇന്ത്യ മുത്തമിടുന്നത്. 2023ലാണ് ഇതിന് മുമ്പ് ഇന്ത്യ ഈ വിഭാഗത്തിൽ ലോകകപ്പ് നേടിയത്.

ഫൈനലിൽ ടോസ് ഭാഗ്യം കൈവിട്ടെങ്കിലും ഇന്ത്യൻ പെൺപട അവസരത്തിനൊത്ത് ഉയർന്ന് ബൗളിങ്ങിൽ തിളങ്ങിയതോടെ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ റണ്ണടിച്ചുകൂട്ടാൻ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 82/9 റൺസെടുത്തു. 

മറുപടിയായി 11.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ അനായാസം വിജയലക്ഷ്യം കണ്ടെത്തി. ഇന്ത്യൻ ബാറ്റർമാരിൽ ഗൊങ്ങാടി തൃഷ (33 പന്തിൽ 44), സനിക ചൽക്കെ (22 പന്തിൽ 26) എന്നിവർ തിളങ്ങി. ജി. കമാലിനിയെ (8) കയ്‌ല റെയ്നെകെ പുറത്താക്കി.


മൈക്ക് വാൻ വൂർസ്റ്റ് (23) ആണ് പ്രോട്ടീസ് പടയിലെ ടോപ് സ്കോറർ. 16 റൺസെടുത്ത ജെമ്മ ബോത്ത, കരാബോ മെസോ (10), ഫേ കൗളിങ് (15) എന്നിവരും കലാശപ്പോരിൽ പരമാവധി പൊരുതിനോക്കി. ഇന്ത്യക്കായി ആയുഷി വർമയും ജി. തൃഷയും പരുണിക സിസോദിയയും രണ്ട് വീതം വിക്കറ്റെടുത്തു.

ഇന്ത്യയുടെ വനിത അണ്ടർ 19 ലോകകപ്പ് കിരീടത്തിൽ ഇക്കുറി ഒരു മലയാളിത്തിളക്കം കൂടിയുണ്ട്. വയനാട് കൽപ്പറ്റ സ്വദേശി ജോഷിത വി ജെയാണ് ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നത്. ഏഷ്യ കപ്പ് കിരീടത്തിന് ശേഷം നേടുന്ന ഈ ലോകകപ്പ് കുടുംബത്തിനും ഇരട്ടി മധുരമായി. ഇന്ത്യൻ പേസറായ ജോഷിത ഈ പരമ്പരയിൽ മാത്രം ആറ് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ജോഷിതയുടെ ലോകകപ്പ് നേട്ടത്തിൽ കുടുംബവും വലിയ ആഹ്ളാദത്തിലാണ്.

SCROLL FOR NEXT