വിഷപ്പുകയാല്‍ മൂടപ്പെട്ട പാകിസ്ഥാനിൽ, 11 ദശലക്ഷം കുട്ടികള്‍ ഗുരുതര രോഗങ്ങളുടെ ഭീഷണിയിലെന്ന മുന്നറിയിപ്പുമായി യൂണിസെഫ്. രാജ്യത്തെ ശിശു മരണങ്ങളില്‍ 12 ശതമാനവും വായു മലിനീകരണം മൂലമെന്നും റിപ്പോർട്ട്.
ലാഹോറടക്കം പ്രധാന നഗരങ്ങളെ മൂടല്‍ മഞ്ഞുപോലെ മൂടിയ വിഷവായു, രാജ്യത്തെ 11 ദശലക്ഷം കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാണെന്നാണ് യൂണിസെഫിന്‍റെ മുന്നറിയിപ്പ്. അഞ്ചുവയസില്‍ താഴെയുള്ള ശിശുക്കളെ ഇത് ഗുരുതരമായി ബാധിക്കും. മാസം തികയാതെയുള്ള ജനനം, നവജാത ശിശുക്കളിലെ വൈകല്യം, ഭാരക്കുറവ്, ശ്വാസകോശ രോഗങ്ങള്‍ എന്നിങ്ങനെ നീളുന്നു വായു മലിനീകരണത്തിന്‍റെ പ്രത്യാഘാതങ്ങള്‍.
Also Read; കുട്ടികളെങ്ങനെ ഇസ്രയേലിന്റെ ശത്രുക്കളാകും; ഗാസയിലും ലബനനിലും മരിച്ചു വീഴുന്ന സാധാരണക്കാർ
നിലവില്‍ രാജ്യത്തെ ശിശുമരണത്തിന്‍റെ 12 ശതമാനവും ഇത്തരം ആരോഗ്യപ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിഷലിപ്തമായ പുകമഞ്ഞിനെ നിയന്ത്രിക്കാന്‍ സർക്കാർ അടിയന്തര നടപടിയെടുക്കാത്ത പക്ഷം, മരണ നിരക്ക് ഉയരാനാണ് സാധ്യതയെന്ന് യുണിസെഫ് പാക് പ്രതിനിധി അബ്ദുല്ല ഫാദില്‍ പറഞ്ഞു. വിഷ വായു ശ്വസിച്ച് കൊച്ചുകുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് പ്രതിദിനം ആശുപത്രികളിലേക്ക് ഇരച്ചെത്തുന്നത്.
ലാഹോറിലെ കുട്ടികളുടെ ആശുപത്രികളിലെ വാർഡുകള്‍ നിറഞ്ഞ നിലയിലാണ്. പൊതു ഇടങ്ങളിൽ നിന്ന് ജനങ്ങളെ വിലക്കിയും സ്കൂളുകളടച്ചുമാണ് പ്രാദേശിക ഭരണകൂടങ്ങള്‍ സാഹചര്യത്തെ നേരിടുന്നത്. എന്നാല്‍ ഭൂരിഭാഗം സ്‌കൂളുകള്‍ക്കും ഓൺലൈന്‍ ക്ലാസുകള്‍ക്കുള്ള സൌകര്യമില്ലെന്നിരിക്കെ, പഠനം മുടങ്ങാതിരിക്കാൻ എന്ത് പരിഹാരമാണ് സർക്കാരിന്റെ കയ്യിലുള്ളതെന്നും യൂണിസെഫ് ചോദ്യമുയർത്തുന്നു.