NEWSROOM

കാനറി ദ്വീപുകളിലെ അനാഥ ശരീരങ്ങള്‍; അതിജീവനത്തിനായുള്ള പലായനത്തില്‍ പൊലിയുന്ന ജീവിതങ്ങള്‍

Author : ന്യൂസ് ഡെസ്ക്

സമ്പന്നര്‍ റിട്ടയര്‍മെന്റ് ആസ്വദിക്കാന്‍ കുടിയേറിയിരുന്ന സ്‌പെയ്‌നിലെ കാനറി ദ്വീപുകള്‍, ഇന്ന് അനാഥശരീരങ്ങളുടെ തീരമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് സുരക്ഷ തേടിയെത്തുന്ന ദരിദ്ര കുടിയേറ്റക്കാരുടേതാണ് ആരും തേടിയെത്താത്ത അവകാശങ്ങളില്ലാത്ത ആ മൃതശരീരങ്ങള്‍.


ഈ വര്‍ഷം ഇതുവരെ 22 അഭയാര്‍ഥികളുടെ മൃതദേഹങ്ങള്‍ കാനറിയിലെ എല്‍ ഹിറോ തീരത്തടത്തു. 2023 ല്‍ 11 ആയിരുന്നു മരണസംഖ്യ. 2022 ല്‍ ഒരാളും. പലായനത്തില്‍ തീരം തൊടാനാവാതെ ജീവന്‍ പൊലിഞ്ഞവരുടെ അപൂര്‍ണമായ കണക്കാണത്. യൂറോപ്യന്‍ രാജ്യങ്ങള്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ കണ്ടെത്തിയ അഭയകേന്ദ്രമാണ് സ്‌പെയ്‌നിലെ കാനറി ദ്വീപുകള്‍. മുന്‍കാലങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടി വര്‍ധനയാണ് പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിലുണ്ടായത്.

ഈ ശ്രമത്തിനിടെ കാണാതാവുകയോ കൊല്ലപ്പെട്ടവരുടെയോ എണ്ണം 891 ആണെന്ന് അന്താരാഷ്ട്ര കുടിയേറ്റ സംഘടനയായ ഐഒഎം കണക്കാക്കുന്നു. മുന്‍കാലങ്ങളിലേക്കാള്‍ 61 ശതമാനം വര്‍ധന. പശ്ചിമാഫ്രിക്കയില്‍ നിന്ന് ഏകദേശം 2,000 കിലോമീറ്റര്‍ അകലെയുള്ള ദ്വീപുകളിലേക്ക് തുറന്ന ബോട്ടുകളില്‍ പലായനത്തിന് ശ്രമിച്ച നിര്‍ഭാഗ്യരാണ് അവര്‍.


ലോകത്തിലെ ഏറ്റവും അപകടരമായ രണ്ടാമത്തെ പലായന പാതയാണിത്. ഏകദേശം ആറ് ദിവസത്തെ യാത്ര. അതിശൈത്യം മൂലമുണ്ടാകുന്ന ഹൈപ്പോ തെര്‍മിയ, നിര്‍ജലീകരണം, ബോട്ടുകള്‍ മറിഞ്ഞുള്ള മുങ്ങിമരണം എന്നിവയാണ് അഭയാര്‍ഥികളുടെ ജീവനെടുക്കുന്നത്. തീരത്തടിയുന്ന മൃതദേഹങ്ങളില്‍ പലപ്പോഴും ജലാംശമോ ഭക്ഷണത്തിന്റെ സാന്നിധ്യമോ കണ്ടെത്താറില്ല. ആരും തേടിയെത്താറില്ലാത്ത ഈ മൃതദേഹങ്ങള്‍ ദ്വീപുകളിലെവെടെയെങ്കിലും പേരില്ലാത്ത ശവകുടീരത്തില്‍ സംസ്‌കരിക്കപ്പെടും.

90 ശതമാനം കുടിയേറ്റ മരണങ്ങളിലും മൃതദേഹങ്ങള്‍ തിരിച്ചറിയപ്പെടാറു പോലുമില്ല. പിടിക്കപ്പെട്ടാല്‍ നാടുകടത്തപ്പെടുമെന്ന ഭയത്താല്‍ ഭൂരിഭാഗം അനധികൃത കുടിയേറ്റക്കാരും തിരിച്ചറിയല്‍ രേഖകള്‍ കടലില്‍ ഉപേക്ഷിക്കുന്നതാണ് ഒരു കാരണം. ഒപ്പമുണ്ടായിരുന്നവരോ ജന്മനാടുകളില്‍ അവശേഷിക്കുന്ന കുടുംബമോ ഇവരെ തേടിയെത്താറില്ല. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചുള്ള സങ്കീര്‍ണമായ മാര്‍ഗങ്ങള്‍ തേടിയാല്‍ തന്നെ രണ്ട് മാസം വരെ സമയമെടുക്കും തിരിച്ചറിയലിന്. 40 ശതമാനത്തോളം കേസുകളിലും റെഡ് ക്രോസ് പോലുള്ള സന്നദ്ധസംഘടനകളാണ് ഈ പരിശ്രമങ്ങള്‍ക്ക് മുതിരുന്നത്.

തീരത്ത് അടുക്കുന്ന കുടിയേറ്റക്കാരുടെ കണക്ക് മാത്രം സൂക്ഷിക്കുന്ന സ്പാനിഷ് സര്‍ക്കാര്‍, മരണപ്പെടുന്നവരുടെയോ കാണാതാകുന്നവരുടെയോ കണക്കെടുക്കാറില്ല. അനധികൃത ബോട്ടുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളുടെ വിവരശേഖരണം രാജ്യത്തിന്റെ നയതന്ത്രപരിധിയില്‍പ്പെടുന്നില്ല എന്നാണ് സ്‌പെയ്‌നിന്റെ വാദം. രാജ്യത്തെ നിയമങ്ങളോ പ്രോട്ടോക്കോളുകളോ അത്തരം ബോട്ടപകടങ്ങളില്‍ ബാധകമല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിലും സ്‌പെയ്‌നിന് യാതൊരു ഉത്തരവാദിത്തവുമില്ല. മറുവശത്ത് ആഭ്യന്തര കലാപങ്ങളാല്‍ കലുഷിതമായ സെനഗല്‍ അടക്കം രാജ്യങ്ങളിലെ ദരിദ്ര ജനതയെ മനുഷ്യക്കടത്ത് സംഘങ്ങള്‍ മുതലെടുക്കുന്നു. മൂന്നൂറുവരെ ആളുകളെ ഒരു ബോട്ടില്‍ ഭക്ഷണവും വെള്ളവുമില്ലാതെ കടത്തുന്ന സംഘങ്ങളും കടലാഴങ്ങളില്‍ കാണാതായവരുടെ കണക്കെടുക്കാറില്ല.

SCROLL FOR NEXT