NEWSROOM

വഖഫ് ബില്ലിലെ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ബില്ല് ഇനി പാർലമെൻ്റിലേക്ക്

സംയുക്ത പാർലമെൻ്ററി സമിതി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ അംഗീകാരം നൽകിയത്

Author : ന്യൂസ് ഡെസ്ക്

സംയുക്ത പാർലമെൻ്ററി സമിതി (ജെപിസി) നിർദേശിച്ച വഖഫ് ബില്ലിലെ 14 ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഫെബ്രുവരി 13ന് പാർലമെന്റിൽ ജെപിസി സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ അംഗീകാരം നൽകിയത്. കമ്മിറ്റിയുടെ പ്രവർത്തനത്തെച്ചൊല്ലി പ്രതിപക്ഷവും ബിജെപിയും തമ്മിൽ നീണ്ട തർക്കത്തിന് ശേഷമാണ് ജെപിസി റിപ്പോർട്ട് സമർപ്പിച്ചത്. ഭേദഗതി ചെയ്ത ബിൽ മാർച്ച് 10 ന് സഭ വീണ്ടും സമ്മേളിക്കുമ്പോൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.


ഫെബ്രുവരി 13ന് ബിജെപി എംപി ജഗദംബിക പാല്‍ നേതൃത്വം നല്‍കുന്ന ജെപിസി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജെപിസിയിൽ ബിജെപിയിൽ നിന്നും സഖ്യകക്ഷികളിൽ നിന്നും 16 എംപിമാരുണ്ടായിരുന്നു, പ്രതിപക്ഷത്ത് നിന്ന് 10 പേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജെപിസി റിപ്പോർട്ടിൽ നിന്ന് തങ്ങളുടെ വിയോജിപ്പ് കുറിപ്പുകൾ ഒഴിവാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ കേന്ദ്രം ഈ ആരോപണം നിഷേധിച്ചിരുന്നു. ജെപിസി പ്രതിപക്ഷത്തിന്‍റെ 44 ഭേദഗതികളും തള്ളിയിരുന്നു.



1995 ലെ വഖഫ് നിയമമാണ് ഇന്ത്യയിലെ വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നത്. അതത് ജില്ലകളിലെ കളക്ടറായിരുന്നു വഖഫിൻ്റെ മേൽനോട്ടം വഹിച്ചിരുന്നത്. ഭേദ​ഗതി പ്രകാരം വഖഫ് ഭൂമിമേൽ തീരുമാനം എടുക്കുക സംസ്ഥാന സർക്കാർ നിയോ​ഗിക്കുന്ന ഉദ്യോ​ഗസ്ഥനായിരിക്കും. അത് കളക്ടർ ആകണമെന്നില്ല. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ പരിഹരിക്കുന്നത് ട്രൈബ്യൂണലാണ്. ഇതില്‍ കളക്ടറും, ജില്ലാ സെഷൻസ് ജഡ്ജിയും, മത നിയമങ്ങളില്‍ അറിവുള്ള മുസ്ലീങ്ങളും ഉള്‍പ്പെടുന്നു.

എന്നാല്‍ ഭേദ​ഗതി പ്രാബല്യത്തില്‍ വരുന്നതോടെ ട്രൈബ്യൂണലില്‍ രണ്ട് മുസ്ലീം അം​ഗങ്ങൾക്ക് പകരം 2 നോൺ മുസ്ലീം അം​ഗങ്ങളും, ഒപ്പം നോമിനേറ്റ് ചെയ്യുന്ന നോൺ മുസ്ലീമോ, മുസ്ലീമോ ആയ അം​ഗം കൂടി ഉണ്ടാകും. ഇതിനുപിന്നാലെ  രാജ്യത്തെ മുസ്ലിം സമൂഹത്തിന്‍റെ അവകാശങ്ങളില്‍ കൈകടത്താനുള്ള കേന്ദ്രസർക്കാരിന്‍റെ ആസൂത്രിത ശ്രമമാണ് ഇതെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ദൈവത്തിൻ്റെ പേരിൽ ആധാരം മൂലമോ അല്ലാതെയോ സമർപ്പിച്ചിരിക്കുന്ന സ്ഥാവരമോ അല്ലാത്തതോ ആയ സ്വത്തിനെയാണ് വഖഫ് സ്വത്ത് സൂചിപ്പിക്കുന്നത്. രേഖമൂലമുള്ള രജിസ്ട്രേഷൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഈ രീതി നിലവിലുണ്ട്. അതിനാൽ, ദീർഘകാലമായി ഉപയോഗത്തിലുള്ള സ്വത്തുക്കളും വഖഫ് സ്വത്തുക്കളായി കണക്കാക്കാം. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുൾപ്പെടുന്ന കമ്മിറ്റിയെയാണ് വഖഫ് ബോർഡ് എന്ന് വിളിക്കുന്നത്. പുതിയ ഭേദഗതി 40ാം വകുപ്പ് പൂർണാമയും ഒഴിവാക്കി സ്വത്ത് നിർണയിക്കാനുള്ള പൂർണ അധികാരം ജില്ലാ കളക്ടർക്ക് കൈമാറുകയാണ്.

SCROLL FOR NEXT