പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ. അമേരിക്കയിൽ ഇരിക്കുന്ന രാഹുൽ ഇന്ത്യയിലെ സംവരണം അവസാനിപ്പിക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഗുരുകമലിലെ ബിജെപി പാർട്ടി ഭാരവാഹികളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടന ഇല്ലാതാക്കുമെന്നും സംവരണം അവസാനിപ്പിക്കുമെന്നും പറഞ്ഞ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിലെ ജനങ്ങളെ കോൺഗ്രസ് വഞ്ചിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ യഥാർത്ഥത്തിൽ സംവരണം അവസാനിപ്പിക്കുക എന്നത് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിൻ്റെയും അജണ്ടയാണെന്നും മേഘ്‌വാൾ ആരോപിച്ചു.
തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത്, ആളുകളെ വഞ്ചിക്കാൻ കോൺഗ്രസ് ആശയക്കുഴപ്പങ്ങളും, നുണകളും, കിംവദന്തികളും പരത്തുകയാണ്. ഈ സമയത്ത് കോൺഗ്രസിൻ്റെ നുണകൾ തുറന്നുകാട്ടുകയും നരേന്ദ്ര മോദി സർക്കാരിൻ്റെ നേട്ടങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യേണ്ടത് പാർട്ടി പ്രവർത്തകരുടെ ഉത്തരവാദിത്തമാണ് എന്നും മേഘ്‌വാൾ പറഞ്ഞു.
ഹരിയാന സംസ്ഥാനത്തിൻ്റെ വികസനത്തിന് മൂന്നാം തവണയും ബിജെപി സർക്കാർ ഉണ്ടാകേണ്ടത് ആവശ്യമാണ്. ബിജെപി സർക്കാർ 10 വർഷം കൊണ്ട് രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും ചിത്രവും വിധിയും മാറ്റിമറിച്ചു. സംഭവിച്ച മാറ്റങ്ങൾ ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും മേഘ്‌വാൾ അവകാശപ്പെട്ടു.