യുക്രെയിൻ - റഷ്യ യുദ്ധത്തിനിടെ ഷെല്ലാക്രമണത്തിൽ മരിച്ച തൃശൂർ സ്വദേശി സന്ദീപിൻ്റെ വീട് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. സന്ദീപിൻ്റെ മരണ വാർത്ത അറിഞ്ഞ് കുടുംബാഗങ്ങൾ മുൻപ് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രി നേരിട്ടെത്തി കുടുംബാംഗങ്ങളെ കണ്ടത്.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂർ തൃക്കൂരിലുള്ള സന്ദീപിൻ്റെ വീട്ടിലെത്തിയത്. സന്ദീപിൻ്റെ പിതാവ് ചന്ദ്രനോടും സഹോദരൻ സംഗീതിനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞ സുരേഷ് ഗോപി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധപ്പെട്ടു.
റഷ്യയിലെ റെസ്തോവിലുള്ള മൃതദേഹം വിട്ടു കിട്ടാനുള്ള ഇടപെടലുകൾ വേഗത്തിലാക്കുമെന്ന് സുരേഷ് ഗോപി ബന്ധുക്കൾക്ക് ഉറപ്പ് നൽകി. മന്ത്രിയുടെ ഉറപ്പ് ലഭിച്ചതോടെ പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ.
ഏപ്രിൽ രണ്ടിന് റഷ്യയിലെത്തിയ സന്ദീപ് കൂലി പട്ടാളത്തിൽ ചേർന്നതായും യുദ്ധത്തിനിടെ മരിച്ചതായും ഓഗസ്റ്റ് 15നാണ് നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിക്കുന്നത്. മൃതദേഹം വിട്ടു കിട്ടുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശ കാര്യ മന്ത്രാലയത്തിനടക്കം ഇവർ പരാതി നൽകിയിരുന്നു. പരാതി നൽകി മൂന്നാഴ്ച പിന്നിട്ടിട്ടും തീരുമാനമുണ്ടാകാൻ വൈകുന്നത് മൂലം കടുത്ത മനോവിഷമത്തിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും.
Also Read: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേർന്ന ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു; നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജിതം