ദക്ഷിണ കൊറിയന്‍ ടെക്‌നോളജി ഭീമന്മാരായ സാംസങ് ഇലക്‌ട്രോണിക്‌സില്‍ തൊഴിലാളി യൂണിയന്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തു. മൂന്ന് ദിവസത്തെ പൊതു പണിമുടക്കിന് ശേഷം കഴിഞ്ഞ ദിവസമാണ് നാഷണല്‍ സാംസങ് ഇലക്‌ട്രോണിക്‌സ് യൂണിയന്‍ (എന്‍എസ്ഇയു) സമര പ്രഖ്യാപനം നടത്തിയത്. തൊഴിലാളികള്‍ക്ക് മികച്ച വേതനമോ പരിരക്ഷകളോ ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. 30,000 ഓളം വരുന്ന യൂണിയന്‍ അംഗങ്ങള്‍ സമരത്തിന്‍റെ ഭാഗമാകുമെന്നാണ് എന്‍എസ്ഇയു അവകാശപ്പെടുന്നത്.
പൊതു പണിമുടക്കിന് ശേഷവും തൊഴിലാളികളുമായി മാനേജ്‌മെന്‍റ് ചര്‍ച്ചയ്ക്ക് ഒരുങ്ങാത്തതാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാന്‍ കാരണമെന്ന് യൂണിയന്‍ പ്രതിനിധികള്‍ പറയുന്നു. സാംസങ് ഇലക്‌ട്രോണിക്‌സിലെ 25 ശതമാനം വരുന്ന തൊഴിലാളികളെയും പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് എന്‍എസ്ഇയു. തൊഴിലാളി സമരം കമ്പനിയുടെ ഉൽപ്പാദനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് യൂണിയന്‍ അവകാശപ്പെടുന്നത്. എന്നാല്‍ കമ്പനി ഇത്തരം വാദങ്ങള്‍ തള്ളിക്കളഞ്ഞു.
6,500 തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നും കൂടുതല്‍ തൊഴിലാളികള്‍ സമരത്തിന്‍റെ ഭാഗമാകുമെന്നുമാണ് യൂണിയന്‍ പറയുന്നത്. എന്നാല്‍, സാംസങ് ഇലക്‌ട്രോണിക്സിന്‍റെ വക്താവ് ജോലിയില്‍ നിന്നും വിട്ടുനിന്ന തൊഴിലാളികളുടെ എണ്ണം വ്യക്തമാക്കിയില്ല. 2020 വരെ സാംസങ് ഇലക്‌ട്രോണിക്സ് കമ്പനിക്കുള്ളില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാപിച്ചിരുന്നില്ല.
തിങ്കളാഴ്ചത്തെ പൊതുസമരത്തില്‍ മാത്രം 3000 പേര്‍ പങ്കെടുത്തിരുന്നു. യൂണിയന്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ കൊറിയന്‍ സ്‌റ്റോക് എക്സ്‌ചേഞ്ചില്‍ സാംസങ് ഇലക്‌ട്രോണിക്സിന്‍റെ ഷെയറുകള്‍ക്ക് 0.5 ശതമാനത്തിന്‍റെ കുറവ് സംഭവിച്ചിട്ടുണ്ട്.