NEWSROOM

യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ബ്രയാൻ തോംസൺ വെടിയേറ്റ് മരിച്ചു

ആക്രമണം ആസൂത്രിതമാണെന്നും പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും ന്യൂയോർക്ക് പൊലീസ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

യുഎസിലെ യുണൈറ്റഡ് ഹെൽത്ത് കെയറിൻ്റെ സിഇഒ ബ്രയാൻ തോംസണെ വെടിവെച്ച് കൊലപ്പെടുത്തി. ന്യൂയോർക്ക് ഹിൽട്ടൺ ഹോട്ടലിന് സമീപത്തുവച്ചായിരുന്നു വെടിവെപ്പ്. ആക്രമണം ആസൂത്രിതമാണെന്നും പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും ന്യൂയോർക്ക് പൊലീസ് അറിയിച്ചു.

50 വയസുകാരനായ ബ്രയാന്‍ തോംസണ്‍ നയിക്കുന്ന യുണൈറ്റഡ് ഹെൽത്ത്‌കെയർ യുഎസിലെ ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത് ഇൻഷുററാണ്. യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പിൻ്റെ നിക്ഷേപക ദിനത്തോട് അനുബന്ധിച്ചാണ് ബ്രയാന്‍ ഹില്‍ട്ടണ്‍‌ ഹോട്ടലില്‍ എത്തിയത്. ബുധനാഴ്ച രാവിലെ എട്ട് മണിക്കാണ് ഹിൽട്ടണിൽ നിക്ഷേപക ദിനം നിശ്ചയിച്ചിരുന്നത്. ബ്രയാന് നേരെ വെടിവെപ്പുണ്ടായതിനെ തുടർന്ന് കമ്പനി പരിപാടി റദ്ദാക്കി.

Also Read: സ്ത്രീകളുടെ മെഡിക്കൽ പരിശീലനം വിലക്കി താലിബാൻ; നിരോധനം പുനപരിശോധിക്കണമെന്ന അഭ്യർഥനയുമായി റാഷിദ് ഖാൻ

ഹിൽട്ടണിന് പുറത്ത് ബ്രയാന്‍ എത്തുന്നതിന് ഏകദേശം അഞ്ച് മിനിറ്റ് മുമ്പാണ് അക്രമി എത്തുന്നത്. കാൽനടയായി എത്തിയ ഇയാള്‍ ബ്രയാന്‍ വരുന്നതിനായി കാത്തിരുന്നതിനു നിരവധി ദൃക്സാക്ഷികളുണ്ട്. ബ്രയാന്‍ ഹിൽട്ടണിലേക്ക് നടക്കുമ്പോൾ അക്രമി പിന്നിൽ നിന്ന് പലതവണ വെടിയുതിർക്കുകയായിരുന്നു. സാക്ഷികള്‍ പറയുന്നത് പ്രകാരം, വെടിവച്ചതിനു ശേഷം പ്രതി ആദ്യം കാൽനടയായും പിന്നീട് ഇ-ബൈക്കിലുമാണ് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടത്. സെൻട്രൽ പാർക്കിലാണ് ഇയാളെ അവസാനമായി കണ്ടത്. അടിയന്തര ചികിത്സ നല്‍കാനായി ബ്രയാനെ റൂസ്‌വെൽറ്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

SCROLL FOR NEXT