സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് പുകഴ്ത്തി പറയുന്നതും സത്രീത്വത്തെ അപമാനിക്കലാണെന്ന് ഹൈക്കോടതി. അനാവശ്യമായി ഇത്തരം വർണനകൾ നടത്തുന്നതും അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും ലൈംഗികച്ചുവയോടെയല്ലെന്ന് കരുതാനാവില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. സഹപ്രവർത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറയുകയും ഫോണിൽ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകൾ പ്രകാരമെടുത്ത കേസെടുത്തതിനെതിരെയുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ALSO READ: വിവാദങ്ങളും രാഷ്ട്രീയ വാഗ്വാദങ്ങളും കണ്ട അഞ്ച് വർഷം; തെരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യതലസ്ഥാനം
നിരീക്ഷണം സഹപ്രവർത്തകയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട കെഎസ്ഇബി മുൻ ഉദ്യോഗസ്ഥന്റെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ആലുവ പോലീസ് 2017-ൽ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. മികച്ച ബോഡി സ്ട്രക്ചർ എന്ന കമന്റിൽ ലൈംഗികച്ചുവയില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇതിനെ പരാതിക്കാരി ശക്തമായി എതിർത്തു. മുൻപും തനിക്കെതിരേ സമാനമായ പ്രവൃത്തി ഹർജിക്കാരന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഫോൺ ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളിൽനിന്ന് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചതും ശ്രദ്ധയിൽപ്പെടുത്തി.
വിഷയത്തിൽ സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചു എന്നതടക്കമുള്ള വകുപ്പുകളും ഹർജിക്കാരനെതിരേ ചുമത്തിയിരുന്നു. ഇതൊന്നും റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.