കെ.സുധാകരൻ്റെ വീട്ടിൽ നിന്നും കൂടോത്രം നടത്തിയ തെളിവുകൾ ലഭിച്ചത് തള്ളാതെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ദ്യശ്യങ്ങൾ എവിടെ നിന്ന് ലഭിച്ചു എന്ന് വെളിപ്പെടുത്തിയാൽ കൂടുതൽ പ്രതികരിക്കാമെന്ന് പറഞ്ഞ് ഉണ്ണിത്താൻ മാധ്യമപ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി.
കെപിസിസി അധ്യക്ഷന്റെ വീട്ടിൽ നിന്ന് കൂടോത്രം ചെയ്തതിന്റെ തെളിവുകൾ മന്ത്രവാദിയെ കൊണ്ട് കെ.സുധാകരൻ എടുപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. തകിടുകളും മറ്റും കണ്ടെത്തിയ സമയത്ത് കെ.സുധാകരനും രാജ് മോഹൻ ഉണ്ണിത്താൻ എം.പിയും അവിടെയുണ്ടായിരുന്നു. ഇവരുടെ ശബ്ദരേഖ മാധ്യമങ്ങൾ നൽകുകയും ചെയ്തിരുന്നു.
ഇതിനെക്കുറിച്ച് രാജ് മോഹൻ ഉണ്ണിത്താനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് വീഡിയോ എവിടെ നിന്ന് ലഭിച്ചെന്ന് പറഞ്ഞാൽ കൂടുതൽ പറയാമെന്ന് പറഞ്ഞ് എം പി വാർത്താ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്.ഹൈമാക്സ് ലൈറ്റുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണത്തിൽ സിപിഎമ്മിനെ വെല്ലുവിളിച്ച ഉണ്ണിത്താൻ ഏത് അന്വേഷണത്തേയും നേരിടാൻ തയ്യാറാണെന്നും, അഴിമതി തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും വ്യക്തമാക്കി.