NEWSROOM

യുപി ഷാഹി ജമാ മസ്ജിദില്‍ മുന്നറിയിപ്പില്ലാതെ സ‍ർവേ; പ്രതിഷേധം ശക്തം

സിവിൽ കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം സ‍ർവേ നടത്തി റിപ്പോർട്ട് സമർപ്പിച്ചതിനോടാണ് പ്രതിഷേധമുയർന്നത്

Author : ന്യൂസ് ഡെസ്ക്

യുപിയിലെ സംഭാൽ ജില്ലയില്‍ തർക്കത്തിലിരിക്കുന്ന ഷാഹി ജമാ മസ്ജിദില്‍ മുന്നറിയിപ്പില്ലാതെ സ‍ർവേ നടത്തിയതിൽ പ്രതിഷേധം ശക്തം. സിവിൽ കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം സ‍ർവേ നടത്തി റിപ്പോർട്ട് സമർപ്പിച്ചതിനോടാണ് പ്രതിഷേധമുയർന്നത്. ഇന്നലെയാണ് കോടതി മസ്ജിദില്‍ സർവേക്ക് ഉത്തരവിട്ടത്. മസ്ജിദ് പണ്ട് ഹിന്ദുക്ഷേത്രമാണെന്ന ഹർജിയിലായിരുന്നു കോടതിയുടെ ഇടപെടൽ.

മുഗൾ കാലഘട്ടത്തില്‍, അതായത് 1529ൽ വിഷ്ണു ക്ഷേത്രം തകർത്ത് ബാബ‍ർ, പള്ളി നി‍ർമിച്ചുവെന്നാണ് ഉത്തർപ്ര​ദേശിലെ സംഭൽ ജില്ലയിലെ ഷാഹി ജമാ മസ്ജിദിനെ ചുറ്റിപറ്റിയുള്ള വിവാദം. ഷാഹി ജമാ മസ്ജിദ് പള്ളിയല്ല, ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തീവ്ര ഹിന്ദുത്വ അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ ഉൾപ്പെടെ എട്ട് പേ‍ർ ഹർജി സമ‍ർപ്പിച്ചു. പള്ളിക്കുള്ളിൽ ഹരി ഹർ മന്ദിറിൻ്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും ജമാ മസ്ജിദ് സംരക്ഷണ സമിതി നിയമവിരുദ്ധമായി ഈ സ്ഥലം ഉപയോഗിക്കുകയാണെന്നും ഹർജിക്കാ‍ർ വാദിച്ചു.

തുട‍ർന്ന് കേസ് പരി​ഗണിച്ച യുപിയിലെ പ്രാ​ദേശിക സിവിൽ കോടതി സ‍ർവേയ്ക്ക് ഉത്തരവിട്ടു. നവംബർ 29നകം സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നി‍ർദേശം നൽകി. എന്നാൽ ഈ ഉത്തരവിന് മണിക്കൂറുകൾക്കകം അഡ്വക്കേറ്റ് കമ്മീഷണ‍ർ പ്രദേശത്തെത്തി സ‍ർവേ നടത്തി. മസ്ജിദിൻ്റെ ചിത്രങ്ങളും വീഡിയോയും പക‍ർത്തി. പെട്ടെന്നുണ്ടായ നടപടി പരിഭ്രാന്തിക്കും വിമ‍ർശനത്തിനും വഴിമരുന്നായി.

ഓൾ ഇന്ത്യ മജ്സിലിസേ ഇത്തിഹാദുൽ മുസ്ലിമീൻ പ്രസിഡൻ്റ് അസദുദ്ദീൻ ഒവൈസി അടക്കമുള്ള നേതാക്കൾ രം​ഗത്തെത്തി. ബാബറി മസ്ജിദ് വിധിയോടെ ഇന്ത്യയിലുടനീളമുള്ള മുസ്ലീം ആരാധനാലയങ്ങളെ ആക്രമിക്കാൻ ഹിന്ദുത്വ ഗ്രൂപ്പുകൾ പദ്ധതിയിടുന്നതായി ഒവൈസി പറഞ്ഞു. ഇതിൻ്റെ ഭാ​ഗമാണ് ഷാഹി ജമാ മസ്ജിദിൽ പെട്ടെന്ന് നടത്തിയ സ‍ർവേയെന്നും ഒവൈസി പറഞ്ഞു. മറുവശം പോലും കേൾക്കാതെയുള്ള ഈ നടപടി ബാബറിയുടെ താഴികക്കുടം തകർത്ത സംഭവത്തെയാണ് ഓ‍ർമിപ്പിക്കുന്നതെന്നും ഒവൈസി പറഞ്ഞു.

അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കും മുൻപായിരുന്നു സ‍ർവേയെന്നും ജമാ മസ്ജിദ് സംരക്ഷണ സമിതിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവസരം കൂടിയാണ് ഇതോടെ നഷ്ടമായതെന്ന് സംഭൽ എംപി സിയാ-ഉർ-റഹ്മാൻ ബാർഖ് പ്രതികരിച്ചു. വിമ‍ർശനങ്ങൾ ശക്തമായതോടെ അഡ്വക്കേറ്റ് കമ്മീഷണ‍‍‍ർ രം​ഗത്തെത്തി. വ്യക്തിപരമായ തിരക്കുകൾ കാരണമാണ് സ‍ർവേ നേരത്തെ നടത്തിയതെന്നായിരുന്നു കമ്മീഷണ‍‍റുടെ വിശദീകരണം.

SCROLL FOR NEXT