NEWSROOM

"മാംസാഹാരം കൊണ്ടുവരുന്നു; എല്ലാവരെയും ഇസ്ലാമിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നു"; യു.പിയില്‍ അഞ്ച് വയസുകാരനെ സ്കൂളില്‍നിന്ന് പുറത്താക്കി

പ്രിന്‍സിപ്പലും കുട്ടിയുടെ അമ്മയും തമ്മിലുള്ള തര്‍ക്കവും സംഭാഷണവും സാമുഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Author : ന്യൂസ് ഡെസ്ക്



ഉത്തര്‍പ്രദേശില്‍ മാംസാഹാരം സ്ഥിരമായി ക്ലാസില്‍ കൊണ്ടുവന്നതിന് അഞ്ച് വയസുകാരനെ പ്രിന്‍സിപ്പല്‍ സ്കൂളില്‍നിന്ന് പുറത്താക്കി. അംറോഹയിലെ ഹില്‍ട്ടണ്‍ കോണ്‍വെന്റ് സ്കൂളില്‍ അധ്യാപകദിനത്തിലായിരുന്നു സംഭവം. പ്രിന്‍സിപ്പലും കുട്ടിയുടെ അമ്മയും തമ്മിലുള്ള തര്‍ക്കവും സംഭാഷണവും സാമുഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കുട്ടി സ്ഥിരമായി മാംസാഹാരം ക്ലാസില്‍ കൊണ്ടുവരുന്നതാണ് പ്രിന്‍സിപ്പലിനെ ചൊടിപ്പിച്ചതെന്നാണ് വീഡീയോയില്‍നിന്ന് വ്യക്തമാകുന്നത്. "നോണ്‍-വെജ് ഭക്ഷണം കഴിച്ചിപ്പിച്ചുകൊണ്ട് എല്ലാവരെയും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് നിങ്ങളുടെ കുട്ടി പറയുന്നത്. മാത്രമല്ല, ഹൈന്ദവ ക്ഷേത്രങ്ങള്‍ തകര്‍ക്കാനുള്ള ആഗ്രഹവും കുട്ടി പങ്കുവെച്ചു" -പ്രിന്‍സിപ്പല്‍ പറയുന്നു. "ഇതെല്ലാം മാതാപിതാക്കളാണ് കുട്ടിയെ പഠിപ്പിക്കുന്നതെന്നാണ്" പ്രിന്‍സിപ്പലിന്റെ വാദം. "സ്കൂളില്‍ മാംസാഹാരം കൊണ്ടുവരുന്ന, ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന, ഹിന്ദുക്കളെ മതം മാറ്റാന്‍ ആഗ്രഹിക്കുന്നു, രാമക്ഷേത്രം തകര്‍ക്കാന്‍ പറയുന്ന കുട്ടികളെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. മാംസാഹാരം കൊണ്ടുവരരുതെന്ന് പലതവണ താക്കീത് നല്‍കിയെങ്കിലും അനുസരിച്ചില്ല. മറ്റു രക്ഷിതാക്കളുടെ പരാതിയുമുണ്ട്. അതിനാല്‍ അവനെ പുറത്താക്കുന്നു" -പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍, കുട്ടി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യത ഇല്ലെന്നാണ് അമ്മ മറുപടി നല്‍കുന്നത്. മാത്രമല്ല, സഹപാഠികളില്‍നിന്ന് മതപരമായ വിവേചനം അനുഭവപ്പെടുന്നതായി കുട്ടി മാസങ്ങളായി പറയുന്നുണ്ട്. ഹിന്ദു, മുസ്ലീം എന്നിങ്ങനെ വേര്‍തിരിവുണ്ട്. സഹപാഠികയില്‍നിന്ന് ഉപദ്രവം ഏറ്റിട്ടുണ്ട്. കുട്ടിയെ ക്ലാസില്‍ കയറ്റാതിരുന്നിട്ടുപോലും അറിയിച്ചില്ലെന്നും കുട്ടിയുടെ അമ്മ പറയുന്നു.

വീഡിയോ പ്രചരിച്ചതോടെ, പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നും സ്കൂളിന്റെ അഫിലിയേഷന്‍ റദ്ദാക്കണമെന്നും അംറോഹ മുസ്ലീം കമ്മിറ്റി ജില്ലാ മജിസ്ട്രേറ്റിനോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അംറോഹയിലെ ബേസിക് എജ്യുക്കേഷന്‍ ഓഫീസര്‍ മൂന്ന് സര്‍ക്കാര്‍ സ്കൂളിലെ പ്രിന്‍സിപ്പല്‍മാരുടെ ഒരു ടീമിനെ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച്, മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

SCROLL FOR NEXT