NEWSROOM

യാചകനൊപ്പം പോയതല്ല, വീടുവിട്ടിറങ്ങിയത് ഭർത്താവിന്റെ പീഡനം മൂലം; യുപിയിൽ കാണാതായ യുവതി

മനംനൊന്താണ് ഫറൂഖാബാദിലെ ബന്ധുവീട്ടിലേക്ക് പോയതെന്നും രാജേശ്വരി

Author : ന്യൂസ് ഡെസ്ക്


ഉത്തർപ്രദേശിൽ യാചകനൊപ്പം പോയെന്ന് ഭർത്താവ് ആരോപിച്ച യുവതി ബന്ധുവീട്ടിലേക്ക് പോയത് ഭർത്താവിന്റെ പീഡനം മൂലമെന്ന് പൊലീസ്. ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്. ഭർത്താവ് തന്നെ നിരന്തരം പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തതിനാലാണ് വീട് വിട്ടിറങ്ങിയത്. പോയത് ബന്ധുവീട്ടിലേക്കാണെന്നും രാജേശ്വരി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

36 കാരിയായ രാജേശ്വരി തന്നെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് യാചകനൊപ്പം പോയി എന്നായിരുന്നു ഭർത്താവ് രാജു നൽകിയ തട്ടിക്കൊണ്ടുപോകല്‍ പരാതിയില്‍ പറഞ്ഞത്. വെള്ളിയാഴ്ച മുതലാണ് രാജേശ്വരിയെ കാണാതായത്. നാൽപ്പത്തഞ്ചുകാരനായ നാൻഹെ പണ്ഡിറ്റ് പലപ്പോഴും ഇവിടെ ഭിക്ഷ യാചിക്കാൻ വരാറുണ്ടെന്നും, നാൻഹെ പലപ്പോഴും രാജേശ്വരിയുമായി ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ഇരുവരും ഫോണിൽ സംസാരിക്കാറുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു.

ജനുവരി മൂന്നിന് ഉച്ചയോടെയാണ് രാജേശ്വരി വീട്ടിൽ നിന്നും പോയത്. വസ്ത്രങ്ങളും പച്ചക്കറികളും വാങ്ങാൻ മാർക്കറ്റിലേക്ക് പോകുകയാണെന്നായിരുന്നു രാജേശ്വരി പറഞ്ഞത്. വീട്ടിൽ തിരിച്ചെത്താതായതോടെ ഇവർക്കായി എല്ലായിടത്തും അന്വേഷണം നടത്തിയെന്നും എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമാണ് രാജു പറഞ്ഞത്. എരുമയെ വിറ്റ് കിട്ടിയ പണവും രാജേശ്വരി കൊണ്ടുപോയിട്ടുണ്ട്. നാൻഹെ പണ്ഡിറ്റ് ആണ് ഇതിന് പിന്നിലെന്നും രാജു പരാതിയിൽ ആരോപിച്ചിരുന്നു.

ഭർത്താവ് രാജു നൽകിയ പരാതിയില്‍ ഭാരതീയ ന്യായ സംഹിത സെക്ഷൻ 87 പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിൽ യുവതിയെ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന ചോ​ദ്യം ചെയ്യലിലാണ് രാജേശ്വരി കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഭർത്താവ് ഉപദ്രവിക്കുകയും മർദിക്കുകയും ചെയ്യാറുണ്ട്. ഇതിൽ മനംനൊന്താണ് ഫറൂഖാബാദിലെ ബന്ധുവീട്ടിലേക്ക് പോയതെന്നും രാജേശ്വരി പറഞ്ഞു.


SCROLL FOR NEXT