യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ഇടപാടുകളുടെ പരിധി 5 ലക്ഷം രൂപയായി ഉയർത്തി നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. യുപിഐ ഉപയോഗിച്ചുള്ള ചില തരം പേയ്‌മെൻ്റുകൾക്കാണ് പുതിയ നയം ബാധകമാകുക. ഇന്ന് മുതൽ ആണ് ഈ മാറ്റം പ്രാബല്യത്തിൽ വരുന്നത്. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തുന്ന ഉപയോക്താക്കൾക്ക് ആകും പുതിയ മാറ്റം കൂടുതൽ ഉപയോഗപ്രദം ആകുക. നികുതി പേയ്‌മെന്റുകൾക്കായി യുപിഐ ഇടപാട് പരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ പരിഷ്‌കാരം.
സ്റ്റാൻഡേർഡ് യുപിഐ ഇടപാടുകൾക്ക് നിലവിൽ ഒരു ലക്ഷം രൂപയാണ് പരിധി. മൂലധന വിപണികൾ, ഇൻഷുറൻസ്, വിദേശ ഇൻവേർഡ് റെമിറ്റൻസ് എന്നിവ പോലുള്ള പ്രത്യേക വിഭാഗങ്ങൾക്ക് 2 ലക്ഷം രൂപയുമാണ് ഉയർന്ന പരിധി. എന്നാൽ പുതിയ നടപടി പ്രകാരം നികുതി പേയ്‌മെൻ്റുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള പണമിടപാടുകൾ, ഐപിഒകളിലെയും ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീമുകളിലെയും നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ഈ പരിധി 5 ലക്ഷം രൂപയായി വർധിക്കും.
ALSO READ: ഗ്രാമത്തിലെ പുരുഷൻമാരെ വിവാഹം ചെയ്താൽ കൈനിറയെ പണം കിട്ടും സ്ത്രീകൾക്ക് ആകർഷകമായ ഓഫർ നൽകി ജപ്പാൻ, എതിർപ്പുമായി ജനങ്ങൾ
ബാങ്കുകൾ, പേയ്‌മെൻ്റ് സേവന ദാതാക്കൾ, യുപിഐ ആപ്പുകൾ എന്നിവയുൾപ്പെടെ പേയ്‌മെൻ്റ് ഇക്കോസിസ്റ്റത്തിലെ എല്ലാ പങ്കാളികളും ഇടപാട് പരിധി അപ്‌ഡേറ്റ് ചെയ്യണമെന്നും സർക്കുലറിൽ പറയുന്നു. ഇന്ത്യയിൽ പേയ്‌മെൻ്റ് രീതിയുടെ വർധിച്ചുവരുന്ന ജനപ്രീതിയിൽ നിന്നാണ് യുപിഐ ഇടപാട് പരിധി ഉയർത്താനുള്ള എൻപിസിഐയുടെ തീരുമാനം. യുപിഐ ഒരു മുൻഗണനാ പേയ്‌മെൻ്റ് രീതിയായി ഉയർന്നുവരുന്ന സാഹചര്യത്തിൽ നിർദിഷ്ട വിഭാഗങ്ങൾക്കായി യുപിഐയിലെ ഓരോ ഇടപാട് പരിധി വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയുണ്ട് എന്നും എൻപിസിഐ സർക്കുലറിൽ വ്യക്തമാക്കുന്നു.