ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പില്‍ വോട്ടുകൾ വർധിപ്പിക്കാൻ ബിജെപി കുറുക്ക് മാർഗം സ്വീകരിച്ചെന്ന് നിയുക്ത എംഎൽഎ യു.ആർ. പ്രദീപ്. ബിജെപി വോട്ടുകൾ വർധിച്ച സാഹചര്യം ഗൗരവത്തോടെ കാണും. ബിജെപി സാമ്പത്തിക ഇടപെടലുകൾ അടക്കം നടത്തിയതിൻ്റെ തെളിവുകൾ കൈവശമുണ്ടെന്നും നിയുക്ത എംഎല്‍എ ന്യൂസ് മലയാളത്തോട് പറഞ്ഞു.
വോട്ട് നഷ്ടമുണ്ടായെങ്കിൽ കാരണം പരിശോധിച്ച് ഇടതുപക്ഷം തിരുത്തൽ നടപടികൾ സ്വീകരിക്കും. പ്രചരണ ഘട്ടത്തിൽ ബിജെപി മുസ്ലീം ജനവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപി ശ്രമിച്ചുവെന്നും യു.ആർ. പ്രദീപ് ആരോപിച്ചു. അവർ അതിനെ തള്ളി കളഞ്ഞത് മികച്ച വിജയം സ്വന്തമാക്കാൻ കാരണമായതെന്നും പ്രദീപ് കൂട്ടിച്ചേർത്തു.
കെ. രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ച ഒഴിവില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ചേലക്കരയില്‍ 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർഥി യു.ആര്‍. പ്രദീപ് വിജയിച്ചത്. 2016ലും മണ്ഡലത്തില്‍ നിന്നും പ്രദീപ് വിജയിച്ചിരുന്നു. 10,200 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു അന്ന് ലഭിച്ചത്. എന്നാൽ 2021ലെ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ നേടിയ ഭൂരിപക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞുവെന്ന യാഥാർഥ്യവും നിലനിൽക്കുന്നുണ്ട്. 39,400 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു കെ. രാധാകൃഷ്ണൻ നേടിയത്.
ചേലക്കര മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് 52,626 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി കെ. ബാലകൃഷ്ണൻ 33609 വോട്ടുകൾ നേടി. പി.വി. അൻവറിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ഥി സുധീര്‍ എൻ.കെയ്ക്ക് 3920 വോട്ട് മാത്രമാണ് സ്വന്തമാക്കാനായത്.