പറളിക്കുന്ന് ഡബ്ലൂഎല്‍പി സ്കൂളിലെ ദുരിതാശ്വാസക്യാമ്പ് 
NEWSROOM

ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വീടുകളിലേക്ക് തിരികെ പോകാന്‍ സാധിക്കാതെ വയനാട്ടിലെ ഊര് നിവാസികള്‍

പറളിക്കുന്ന് ഡബ്ല്യൂഎല്‍പി സ്കൂളിലെ ക്യാമ്പിൽ കഴിയുന്ന കുമ്പളാട് കൊല്ലി പണിയ ഊര് നിവാസികളാണ് ക്യാമ്പില്‍ തുടരുന്നത്.

Author : ന്യൂസ് ഡെസ്ക്

വയനാട്ടിൽ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഊര് നിവാസികൾക്ക് തിരികെ വീടുകളിലേക്ക് പോകുവാന്‍ സാധിക്കുന്നില്ല. പറളിക്കുന്ന് ഡബ്ല്യൂഎല്‍പി സ്കൂളിലെ ക്യാമ്പിൽ കഴിയുന്ന കുമ്പളാട് കൊല്ലി പണിയ ഊര് നിവാസികളാണ് ക്യാമ്പില്‍ തുടരുന്നത്. ഈ ക്യാമ്പിൽ കഴിയുന്ന 42 പേരും കുമ്പളാട് കൊല്ലി പണിയ ഊരിൽനിന്നുള്ളവരാണ്. വെള്ളമിറങ്ങിയിട്ടും കോളനിയും പരിസരവും മലിനമായി കിടക്കുന്നതിനാലും വീണ്ടും വെള്ളപ്പൊക്ക ഭീഷണി നിലവിലുള്ളതിനാലുമാണ് ഇവർ ദുരിതാശ്വാസ ക്യാമ്പിൽ തന്നെ കഴിയുന്നത്.

പറളിക്കുന്ന് ഡബ്ല്യൂഎല്‍പി സ്കൂളാണ് ജില്ലയിൽ ഇപ്പോൾ അവശേഷിക്കുന്ന ഏക ദുരിതാശ്വാസ ക്യാമ്പ്. ക്ലാസ്സുകൾ ആരംഭിക്കാൻ കഴിയാത്തതിനാൽ ബദൽ സംവിധാനം ആവശ്യപ്പെട്ട് സ്കൂൾ പി.ടിഎ ഭാരവാഹികൾ രംഗത്തെത്തിയിട്ടിണ്ട്. തുടർച്ചയായി സ്കൂൾ അവധിയാകുന്നതിനാൽ കുട്ടികളുടെ വിദ്യാഭ്യാസത്തെ ഇത് ദോഷകരമായി ബാധിക്കുമെന്ന് രക്ഷിതാക്കളും പിടിഎ ഭാരവാഹികളും പറയുന്നു. ചില രക്ഷിതാക്കൾ ടി.സി വരെ ആവശ്യപ്പെടാൻ തുടങ്ങിയെന്നും സ്കൂൾ അധികൃതർ പറയുന്നു. ഊരിൽ നിന്നുള്ളവർക്ക് ബദൽ സംവിധാനം ഒരുക്കി സ്കൂൾ എത്രയും പെട്ടെന്ന് തുറക്കണം എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്നാല്‍ മലിനമായി കിടക്കുന്ന ഊരിലേക്ക് ഇപ്പോള്‍ ക്യാമ്പിലുള്ളവരെ മാറ്റിയാല്‍ അത് വിവിധ പകർച്ചവ്യാധികള്‍ക്ക് കാരണമായേക്കാം.

SCROLL FOR NEXT