ഹൃദയങ്ങളെ വശീകരിക്കാന്‍ ഹൃദയം കൊണ്ടെഴുതണമെന്ന് തെളിയിച്ച സാഹിത്യകാരനാണ് ഉറൂബ്. ഉറൂബ് എന്ന് അറിയപ്പെടുന്ന പിസി കുട്ടികൃഷ്ണന്‍ എന്ന അതുല്യ കഥാകാരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 45 വര്‍ഷം തികയുന്നു. ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും ജരാനരകള്‍ ബാധിച്ചിട്ടില്ല ഉറൂബിന്റെ സുന്ദരികള്‍ക്കും സുന്ദരന്മാര്‍ക്കും.
'ഒരു കഥ പറയാനുണ്ടായിരുന്നു. ഇത് വായനക്കാരെ കുറച്ചെങ്കിലും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്താല്‍ പിന്നെ ഏത് വകുപ്പില്‍ പെട്ടാലും സന്തോഷമാണ്. തീരെ രസിപ്പിക്കുന്നില്ലെങ്കില്‍ ഈ പുസ്തകം തളച്ചിടാന്‍ ഒരു വകുപ്പ് കണ്ടുപിടിക്കും.' സുന്ദരികളും സുന്ദരന്‍മാരും എന്ന നോവലിന്റെ തുടക്കത്തില്‍ ഉറൂബ് കുറിച്ചു. ഹൃദയത്തില്‍ നിന്നും ഹൃദയങ്ങളിലേക്ക് പകരപ്പെടുന്നതായിരിക്കണം തന്റെ കഥയെന്ന അദ്ദേഹത്തിന്റെ ശാഠ്യം ഈ വരികളില്‍ വ്യക്തം.
അതുകൊണ്ട് തന്നെയാണ് ആറ് ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും ഉറൂബിന്റെ സുന്ദരികളും സുന്ദരന്‍മാരുടെയും വശ്യത തെല്ലും കുറയാത്തത്. 1950കളുടെ സംഘര്‍ഷഭരിതവും അരക്ഷിതവുമായ കാലത്തെ എതിരിട്ടുകൊണ്ടാണ് ഉറൂബ് ഈ നോവല്‍ എഴുതിയത്. സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ മലബാറിന്റെ സാമൂഹിക ജീവിതത്തിലേക്ക് നോക്കി ഉറൂബ് തൂലിക ചലിപ്പിച്ചപ്പോള്‍ പിറന്നത് മലയാളത്തിന്റെ എക്കാലത്തെയും ശ്രേഷ്ഠ കൃതിയാണ്.
ഖിലാഫത്ത് പ്രസ്ഥാനം, രണ്ടാം ലോക മഹായുദ്ധം തുടങ്ങി ഗഹനമായ വിഷയങ്ങളെ നോവലിലേക്ക് കോര്‍ത്തിണക്കിയെങ്കിലും പ്രത്യയശാസ്ത്ര ഉല്‍പ്പന്നമായി മാറാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് കുടുംബാന്തരീക്ഷത്തിന്റെ മണവും ചൂടും ഈ നോവല്‍ വായിക്കുന്നവര്‍ക്ക് അനുഭവപ്പെടുന്നത്.
മനുഷ്യകുലത്തിലെ സര്‍വ്വ സുന്ദരികള്‍ക്കും സുന്ദരന്‍മാര്‍ക്കുമായിട്ടാണ് ഉറൂബ് നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്. അദ്ദേഹം എഴുതിയിരിക്കുന്നത് പോലെ കാലം മാത്രകളായി, കരണങ്ങളായി, താളവട്ടങ്ങളായി കടന്നുപോയാലും ഉറൂബ് എന്ന എഴുത്തുകാരന്‍ മലയാള സാഹിത്യ നഭസില്‍ നരയോ ചുളിവോ ഇല്ലാതെ ശോഭിച്ചു നില്‍ക്കും.
തികഞ്ഞ ഗാന്ധിയനും കവിയും അധ്യാപകനും പത്രപ്രവര്‍ത്തകനുമൊക്കെയായിരുന്ന ഉറൂബ് ഒരു സ്ത്രീപക്ഷവാദികൂടിയായിരുന്നു. ഉമ്മാച്ചുവിലെയും സുന്ദരികളും സുന്ദരന്മാരിലെയും മിണ്ടാപ്പെണ്ണിലെയും ഒക്കെ സ്ത്രീ കഥാപാത്രങ്ങള്‍ അതിന് ഉദാഹരണമാണ്. ഒപ്പം രാച്ചിയമ്മയെ നമ്മള്‍ എങ്ങനെ മറക്കാനാണ്?
ഉറൂബ് എന്ന വാക്കിനര്‍ഥം 'യൗവനം നശിക്കാത്തവന്‍' എന്നാണത്രേ. കാലമെത്ര കഴിഞ്ഞാലും യൗവനം നശിക്കാത്ത നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച്, ഒടുവില്‍ 'ഇടനാഴികള്‍' എഴുതിതീര്‍ക്കാനാകാതെയാണ് ഉറൂബ് പോയത്. 1979 ജൂലൈ 10ന് കോട്ടയത്ത് വെച്ചാണ് ഉറൂബ് മലയാള സാഹിത്യലോകത്തോട് വിടപറഞ്ഞത്.