NEWSROOM

വിരമിക്കൽ പ്രായം കുറയ്ക്കാൻ യുറുഗ്വേ; മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദർ

അടുത്ത 5 വർഷം കൊണ്ട് വിരമിക്കൽ പ്രായം 65ല്‍ നിന്ന് 60 ആയി കുറയ്ക്കാനുള്ള ബില്ലാണ് യുറുഗ്വേ സർക്കാർ മുന്നോട്ടുവെക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മറ്റു രാജ്യങ്ങള്‍ പെന്‍ഷന്‍ പ്രായം വർധിപ്പിക്കുമ്പോൾ, വിരമിക്കല്‍ പ്രായം കുറയ്ക്കാനുള്ള നീക്കത്തിലാണ് യുറുഗ്വേ. പെൻഷൻ പ്രായം അറുപത്തിയഞ്ചിൽ നിന്ന് അറുപതാക്കി കുറയ്ക്കണോ എന്ന സർക്കാരിന്‍റെ ചോദ്യത്തിന് ഹിതപരിശോധനയിലൂടെ ജനത മറുപടി നൽകും. അടുത്ത അഞ്ച് വർഷം കൊണ്ട് വിരമിക്കൽ പ്രായം 65ല്‍ നിന്ന് 60 ആയി കുറയ്ക്കാനുള്ള ബില്ലാണ് യുറുഗ്വേ സർക്കാർ മുന്നോട്ടുവെക്കുന്നത്.

വരുന്ന ഒക്ടോബർ 27ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ അതേദിവസം, ബില്ലില്‍ ജനകീയ വോട്ടെടുപ്പും നടക്കും. തീരുമാനത്തെ ജനം അനുകൂലിച്ചാല്‍ പാർലമെന്‍റില്‍ അവതരിപ്പിച്ച് ബില്ല് പാസാക്കും. വോട്ടെടുപ്പിന് മുന്നോടിയായി നടത്തിയ സർവേകളില്‍ 34 ലക്ഷം ജനതയുടെ പകുതിയിലധികം പേരും ബില്ലിനെ അനുകൂലിച്ചിരുന്നു. 40 ശതമാനത്തോളം പേരാണ് എതിർപ്പ് രേഖപ്പെടുത്തിയത്.

വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്തുന്ന തൊഴിലാളിപക്ഷ ബില്ലെന്നാണ് പരിഷ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഇടതു യൂണിയനുകളുടെ നിലപാട്. എന്നാല്‍, ഇത് ബജറ്റിനെ പ്രതിസന്ധിയിലാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ മുന്നറിയിപ്പ്. ആഗോള ജനസംഖ്യയെ വാർധക്യം ബാധിക്കുന്നു എന്ന വിലയിരുത്തലിൽ ഫ്രാൻസ്, ബ്രിട്ടൻ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങള്‍ വിരമിക്കൽ പ്രായം ഉയർത്തുമ്പോഴാണ് യുറുഗ്വേയുടെ അസാധാരണ നീക്കം.

SCROLL FOR NEXT