NEWSROOM

സാമ്പത്തിക സഹായങ്ങൾക്ക് പകരം ധാതുവിഭവങ്ങൾ; ചരിത്രപരമായ കരാറിൽ ഒപ്പിട്ട് യുഎസും യുക്രെയ്‌നും

യുഎസ് ട്രഷറി സെക്രട്ടറിയും യുക്രെയ്ൻ ഉപപ്രധാനമന്ത്രിയുമാണ് കരാറിൽ ഒപ്പിട്ടത്

Author : ന്യൂസ് ഡെസ്ക്

ചരിത്രപരമായ കരാറിൽ ഒപ്പിട്ട് യുഎസും യുക്രെയ്‌നും. യുഎസ് നൽകുന്ന സാമ്പത്തിക സഹായങ്ങൾക്ക് പകരം ധാതുവിഭവങ്ങൾ നൽകാനാണ് ധാരണയായത്. യുഎസ് ട്രഷറി സെക്രട്ടറിയും യുക്രെയ്ൻ ഉപപ്രധാനമന്ത്രിയുമാണ് കരാറിൽ ഒപ്പിട്ടത്. കരാർ യുഎസിന് ഗുണം ചെയ്യുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

ഗ്രാഫൈറ്റ്, ടൈറ്റാനിയം, ലിഥിയം തുടങ്ങിയ ധാതുക്കളുടെ വലിയ ശേഖരം യുക്രെയ്‌നിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. പുനരുപയോഗ ഊർജം, സൈനിക സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഇവ ഉപയോഗിക്കുന്നതിനാൽ ഇത്തരം ധാതുക്കൾക്ക് ആവശ്യക്കാർ ഏറെയാണ്. കരാർ ഒപ്പ് വെച്ചതോടെ സമാധാനത്തിനും സമൃദ്ധിക്കും ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണെന്ന് തെളിയിക്കുന്നുവെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് പറഞ്ഞു.


ഈ സമയത്ത് കീവിന് സൈനിക സഹായം ലഭിക്കുന്നത് അത്യാവശ്യമാണെന്ന് യുഎസ് അറിയിച്ചു. കരാർ ഒപ്പിട്ടെങ്കിലും വിഭവങ്ങൾ യുക്രെയ്‌നിൻ്റെ സ്വത്തായി തുടരുമെന്നും അറിയിപ്പിൽ പറയുന്നു. ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം 50:50 അടിസ്ഥാനത്തിലായിരിക്കണമെന്നും കീവിലെ നിയമനിർമാതാക്കൾ ഇത് അംഗീകരിക്കണമെന്നും യുഎസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കരാർ പ്രകാരം കീവിന് പുതിയ സഹായങ്ങൾ നൽകുമെന്നും, വ്യോമപ്രതിരോധം ഉൾപ്പെടെ ശക്തമാക്കുമെന്നും യുഎസ് അറിയിച്ചു.


"റഷ്യ വളരെ വലുതും ശക്തവുമാണ്. അവർ മുന്നോട്ട് കുതിക്കുക മാത്രമാണ് ചെയ്യുന്നത്.കരാറിൽ ഒപ്പിടാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ അത് വളരെ നല്ല കാര്യമാണ്", ട്രംപ് യുക്രെയ്‌നിന് നിർദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് യുഎസുമായി കരാറിൽ ഒപ്പുവെയ്ക്കാൻ യുക്രെയ്ൻ തയ്യാറായത്.

SCROLL FOR NEXT