NEWSROOM

'ചൈനക്കാരുമായി പ്രണയമോ ലൈംഗികബന്ധമോ അരുത്'; ചൈനയിൽ ജോലിയുള്ള യുഎസ് പൗരന്മാ‍ർക്ക് നിർദേശം നൽകി ട്രംപ് ഭരണകൂടം

പുതിയ നിര്‍ദേശം ട്രംപ് ഭരണകൂടം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചൈനയിൽ ജോലി ചെയ്യുന്ന യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കഴിഞ്ഞ ജനുവരി മുതല്‍ തന്നെ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു

Author : ന്യൂസ് ഡെസ്ക്

ചൈനയിൽ ജോലി ചെയ്യുന്ന യുഎസ് പൗരന്മാ‍ർ, ചൈനക്കാരുമായി പ്രണയത്തിലോ ലൈം​ഗിക ബന്ധത്തിലോ ഏർപ്പെടരുതെന്ന് യുഎസ് സർക്കാർ. ചൈനയിലുള്ള യുഎസ് നയതന്ത്രജ്ഞര്‍, ഇവരുടെ കുടുംബാംഗങ്ങള്‍, സര്‍ക്കാര്‍ നിയമിച്ച മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിര്‍ദേശം ട്രംപ് ഭരണകൂടം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചൈനയിൽ ജോലി ചെയ്യുന്ന യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കഴിഞ്ഞ ജനുവരി മുതല്‍ തന്നെ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.


യുഎസും ചൈനയുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുഎസിൻ്റെ പുതിയ നിർദേശം. ചൈനയിലെ മുൻ യുഎസ് അംബാസഡർ നിക്കോളാസ് ബേൺസാണ് നിർദേശം മുന്നോട്ട് വെച്ചത്. ഷാങ്ഹായ്, ഷെനിയാങ്, വുഹാന്‍, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങളിലെ കോണ്‍സുലേറ്റുകള്‍, ബെയ്ജിങ്ങിലെ യുഎസ് എംബസി എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം ബാധകമാവുക. ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഇവരുടെ കുടുംബാംഗങ്ങള്‍ക്കും രഹസ്യവിവരങ്ങള്‍ കൈകാര്യംചെയ്യുന്ന സര്‍ക്കാര്‍ നിയോഗിച്ച മറ്റു ഉദ്യോഗസ്ഥര്‍ക്കും വിലക്കുണ്ട്.

യുഎസിൻ്റെ രഹസ്യവിവരങ്ങൾ ചോർത്താൻ ചൈന ശ്രമിക്കുന്നെന്ന റിപ്പോർട്ടിന് പിന്നാലെയാണ് പുതിയ നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന രണ്ട് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ചൈനീസ് ഏജന്റുമാര്‍ നേരത്തേ വശീകരിച്ച് കെണിയില്‍ കുടുക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് സിഐഎ അനലിസ്റ്റായ പീറ്റര്‍ മാറ്റിസിൻ്റെ പക്ഷം. സാധാരണ ജനങ്ങളെ ഉപയോഗിച്ച് പോലും വിവരങ്ങള്‍ ശേഖരിക്കുന്നവരാണ് ചൈനീസ് സുരക്ഷാ ഏജന്‍സികള്‍. സാധാരണക്കാരെ സമ്മര്‍ദത്തിലാക്കിയാണ് ചൈനീസ് ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിക്കാറുള്ളതെന്നും അതിനാല്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധമുള്ള ചൈനീസ് പൗരന്മാര്‍ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുമെന്നും പീറ്റർ മാറ്റിസ് പറയുന്നു.



എന്നാൽ, ചൈനീസ് പൗരന്മാരുമായി മുൻകാല ബന്ധമുള്ള യുഎസ് ഉദ്യോഗസ്ഥർക്ക് ഇളവിന് അപേക്ഷിക്കാം. ഇളവ് നിഷേധിക്കപ്പെട്ടാൽ, ഉദ്യോഗസ്ഥർ ഈ ബന്ധമോ അല്ലെങ്കിൽ ജോലിയോ ഉപേക്ഷിക്കണം. ചൈനയ്ക്ക് പുറത്തുള്ള യുഎസ് ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകമല്ല.

SCROLL FOR NEXT