രാജ്യത്തിൻ്റെ സുരക്ഷാകാരണങ്ങൾ മുൻനിർത്തി, റഷ്യയുടെ പ്രമുഖ ആൻ്റിവൈറസ് സോഫ്റ്റ്‌വെയറായ കാസ്‌പർസ്ക്കിയും, കാസ്‌പർസ്ക്കി ഉൽപന്നങ്ങളും അമേരിക്ക നിരോധിച്ചു.
അമേരിക്കയിൽ ഇനി കാസ്‌പർസ്ക്കി ഉൽപന്നങ്ങൾ വാങ്ങാനോ, ഉപയോഗിക്കാനോ, ഉപയോഗിക്കുന്നവർക്ക് അപ്ഡേറ്റ് ചെയ്യാനോ സാധിക്കില്ലെന്ന് അമേരിക്കൻ വാണിജ്യ വകുപ്പ് അറിയിച്ചു. റഷ്യൻ സർക്കാരിന് ആക്രമണോത്സുകതയുള്ള സൈബർ ശേഷിയുള്ളതിനാൽ രാജ്യത്തിൻ്റെ സുരക്ഷാഭീഷണി മുൻനിർത്തിയാണ് നിരോധനം ഏർപ്പെടുത്തുന്നതെന്നും വാണിജ്യ വകുപ്പ് വ്യക്തമാക്കി. കാസ്‌പർസ്ക്കി ലാബ് പോലുള്ള റഷ്യൻ കമ്പനികളെ ചൂഷണം ചെയ്ത് അമേരിക്കയുടെ രഹസ്യ വിവരങ്ങൾ ചോർത്തുവാനുള്ള ഉദ്ദേശവും ശേഷിയും റഷ്യയ്ക്കുള്ളതായി പല തവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും അമേരിക്കൻ വാണിജ്യ സെക്രട്ടറി ഗിനാ റായ്മോണ്ടോ അറിയിച്ചു.
വാണിജ്യ വകുപ്പിന് മറുപടിയായി രാജ്യസുരക്ഷയ്ക്ക് കോട്ടം തട്ടുന്ന യാതൊരു പ്രവർത്തനവും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന പല സുരക്ഷ പ്രശ്നങ്ങളിലും സംരക്ഷണം നൽകിയിട്ടുണ്ടെന്നും കാസ്‌പർസ്ക്കി വാർത്താ ഏജൻസി എഎഫ്പിയോട് പ്രതികരിക്കവേ അറിയിച്ചു.
ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റ് ആയിരുന്ന സമയത്ത് നൽകിയ ഉത്തരവിലാണ് കമ്പനികൾക്കെതിരെ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന അന്വേഷണങ്ങൾ നടത്താൻ വാണിജ്യ വകുപ്പിനോട് ആവശ്യപ്പെടുന്നത്.
മോസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാസ്‌പർസ്ക്കിക്ക്, 31 രാജ്യങ്ങളിൽ ഓഫീസുകളും, 400 മില്യൺ ഉപഭോക്താക്കളും, 200 രാജ്യങ്ങളിലായി 270000ത്തോളം കോർപ്പറേറ്റ് ഉപഭോക്താക്കളുമുള്ളതായും വാണിജ്യ വകുപ്പ് അറിയിച്ചു. അതേ സമയം, അമേരിക്കൻ ഉപഭോക്താക്കൾക്കും, വ്യവസായങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാനും ബദൽ കണ്ടെത്തുന്നതിനുമായി സെപ്റ്റംബർ 21 വരെ കാസ്‌പർസ്ക്കിക്ക് അമേരിക്കയിൽ ആൻ്റിവൈറസ് അപ്ഡേറ്റ് നൽകുന്നതുൾപ്പെടെയുള്ള ഏതാനും പ്രവർത്തനങ്ങൾ കൂടി ചെയ്യാൻ സാധിക്കും.