NEWSROOM

കാട്ടുതീ വിഴുങ്ങിയത് 24 ജീവനുകൾ; കാലിഫോർണിയയിൽ അടിയന്തരാവസ്ഥ തുടരുന്നു

23,000 ഏക്കറിലധികം കത്തിനശിച്ച പാലിസേഡ്സ് ഏരിയയിലാണ് ആണ് ഏറ്റവും വലിയ തീപിടുത്തം റിപ്പോർട്ട് ചെയ്തിട്ടുള്ളത്

Author : ന്യൂസ് ഡെസ്ക്

കാലിഫോർണിയയിൽ ഉണ്ടായ കാട്ടുതീയിൽ പെട്ട് മരിച്ചവരുടെ എണ്ണം 24 ആയി. ഇവരുടെ മൃതദേഹങ്ങൾ ഈറ്റൺ ഫയർ സോണിൽ നിന്നും പാലിസേഡ്സ് ഏരിയയിൽ നിന്നും കണ്ടെത്തി. ലോസ് ഏഞ്ചൽസിന് ചുറ്റും സജീവമായി മൂന്ന് തീപിടുത്തങ്ങൾ ഇപ്പോഴുമുണ്ടെന്നും അധികൃതർ അറിയിച്ചു.

23,000 ഏക്കറിലധികം കത്തിനശിച്ച പാലിസേഡ്സ് ഏരിയയിലാണ് ആണ് ഏറ്റവും വലിയ തീപിടുത്തം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈറ്റൺ പ്രദേശത്താണ് രണ്ടാമത്തെ വലിയ തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഹർസ്റ്റിൽ ഉണ്ടായ തീപിടിത്തം 799 ഏക്കറിലേക്ക് വ്യാപിച്ചെങ്കിലും ഏതാണ്ട് നിയന്ത്രണവിധേയമായെന്നാണ് അധികൃതർ അറിയിച്ചു.

തീപിടുത്തത്തിൽ നിന്നുള്ള സാമ്പത്തിക നഷ്ടത്തിൽ പ്രാഥമിക കണക്ക് പ്രകാരം 250 ബില്യൺ മുതൽ 275 ബില്യൺ ഡോളർ വരെ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് സ്വകാര്യ ഏജൻസി അറിയിച്ചു. കാറ്റിന് വേഗത കൂടാൻ സാധ്യത ഉണ്ടെന്നും തീപിടിത്തത്തിൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



കത്തിയമർന്നുകൊണ്ടിരിക്കുന്ന പാലിസേഡ്സ്, ഈറ്റൺ എന്നീ പ്രദേശങ്ങളിലെ തീ അണയ്‌ക്കാനുള്ള ശ്രമം താരതമ്യേന വിജയം കാണുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പ്രാദേശിക അഗ്നിശമന സേനാംഗങ്ങൾക്ക് പുറമേ, കാനഡയിൽ നിന്നും മെക്സികോയിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്.

റെഡ് ഫ്ലാഗ് അലേർട്ട് തുടരുന്നതിനാൽ, ആളുകളോട് താമസസ്ഥലത്ത് നിന്നും പലായനം ചെയ്യാൻ ആവശ്യപ്പെട്ടാൽ അതിന് തയ്യാറാകണമെന്നും അധികൃതർ അറിയിച്ചു. അതേസമയം നിർബന്ധിത ഒഴിപ്പിക്കൽ മേഖലകളിൽ മോഷണം നടത്തിയതിൻ്റെ പേരിൽ കുറഞ്ഞത് 29 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒഴിപ്പിക്കപ്പെടുന്നവരിൽ നിന്ന് മോഷ്ടിക്കുന്നതിനായി അഗ്നിശമനസേനയുടെ വേഷം ധരിച്ചെത്തിയവരും അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തിലുണ്ട്.

തീയണയ്ക്കുന്നതിനുള്ള ദൗത്യത്തിൻ്റെ ഭാഗമായി ദേശീയ ഗാർഡിൻ്റെ 1,000 അംഗങ്ങളെ കൂടി അധികമായി വിന്യസിക്കുമെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം പ്രഖ്യാപിച്ചു. ഏകദേശം 105,000 നിവാസികൾ ഇപ്പോഴും നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവുകളിലും 87,000 പേർ ഒഴിപ്പിക്കൽ മുന്നറിയിപ്പിലുമാണ്.

തീപിടുത്ത പ്രദേശങ്ങളും സമീപപ്രദേശങ്ങളും തീവ്ര പ്രശ്നബാധിത പട്ടികയിൽ ഉൾപ്പെടുന്നതാണ്. ഇവിടങ്ങളിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് ഫെഡറൽ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി(ഫെമ)അഡ്മിനിസ്ട്രേറ്റർ ഡീൻ ക്രിസ്‌വെൽ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT