248 വർഷത്തെ പാരമ്പര്യമുള്ള അമേരിക്കൻ ജനാധിപത്യം അതിന്‍റെ ഏറ്റവും നിർണായകമായ വിധി ഇന്നെഴുതും. കമലാ ഹാരിസ് എന്ന ഇന്ത്യൻ, ജമൈക്കൻ വംശമഹിമകൾ പേറുന്നയാൾ ആകുമോ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റ് എന്ന ചോദ്യമാണ് ആദ്യത്തേത്. അതിതീവ്ര ഇവാഞ്ചലിക്കലിസവും മുതലാളിത്ത നയവും പേറുന്ന ഡോണൾഡ് ട്രംപ് വീണ്ടും വരട്ടെയെന്ന് നവഅമേരിക്കക്കാർ തീരുമാനിക്കുമോ എന്നതാണ് രണ്ടാമത്തെ ചോദ്യം. ഇന്ത്യൻ സമയം ഇന്നു വൈകിട്ട് നാലരയ്ക്ക് ചില സ്റ്റേറ്റുകളിൽ പോളിങ് ആരംഭിക്കും. ചില സ്റ്റേറ്റുകളിൽ നാളെ പുലർച്ചെ ആറര വരെ വോട്ടെടുപ്പ് തുടരും.
ഒരു ഗോതമ്പ് മണിക്ക് ഉള്ളിലടങ്ങിയതിനെ വേർപെടുത്തി ശുദ്ധീകരിച്ച് എടുക്കുക. മന്നാർഗുഡിയിൽ നിന്ന് പത്തൊൻപതുകാരി ശ്യാമള ഗോപാലൻ കാലിഫോർണിയ സർവകലാശാലയിൽ എത്തി നേടിയ പിഎച്ച് ഡിയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. മാതാപിതാക്കളുടെ ആകെയുള്ള സമ്പാദ്യവുമായി എത്തി ശ്യാമളാ ഗോപാലൻ ശുദ്ധീകരിച്ചു ലോകത്തിനു നൽകിയത് തിളങ്ങുന്നൊരു സംസ്കാരത്തേയാണ്. ആ പാരമ്പര്യമാണ് ഇന്ന് അമേരിക്കയുടെ പ്രസിഡന്‍റ് പദവിയിലേക്ക് ഒരു ചുവടുമാത്രം അകലെ വന്നു നിൽക്കുന്നത്.
ALSO READ: ആര് തൊടും ആ മാന്ത്രിക സംഖ്യ? 270 ഉറപ്പിക്കാന്‍ കമലയ്ക്ക് വേണ്ടത് 44 വോട്ടുകള്‍, ട്രംപിന് 51
വിളിപ്പുറത്ത് ദൈവത്തെ പ്രതീക്ഷിക്കുന്ന തീവ്ര ഇവാൻജലിക്കൽ വിശ്വാസി. മരുന്നിലൂടെയല്ല, സ്വർഗത്തിൽ നിന്നാണ് സൗഖ്യം വരേണ്ടതെന്ന പ്രഘോഷണക്കാരൻ. കറുമ്പന്മാരും കുടിയേറ്റക്കാരും തെമ്മാടികളാണെന്ന വെളുത്തമഹിമ അഹങ്കാരത്തിനൊപ്പം ശിരസ്സിലണിയുന്നയാൾ. മുഴുവൻ അമേരിക്കക്കാരും തോക്കെടുത്തു നടക്കട്ടെയെന്നും ഇസ്രായേലിന്‍റെ സകലഎതിരാളികളേയും ചുട്ടുകൊല്ലട്ടെയെന്നും പറഞ്ഞുനടക്കുന്നയാൾ.
പക്ഷേ, ആര് അമേരിക്കയുടെ പ്രസിഡന്‍റ് ആയാലും ചെയ്യുന്നതെല്ലാം ഒന്നു തന്നെയെന്നാണ് ലോകം പരത്തി പറയാറുള്ളത്. വൈറ്റ് ഹൗസിലെ ആ സിംഹാസനത്തിൽ നിന്ന് കരുണയുടെ തേൻകണവും ചൊരിയാനുമാകുമെന്ന് ബരാക് ഒബാമ തെളിയിച്ചു. അടിമത്തം വളർത്താൻ നിയമം നിർമിച്ച ജയിംസ് ബുച്ചനനെപ്പോലെ നിഷ്ഠൂരനാകാം എന്ന് ഡോണൾഡ് ട്രംപും തെളിയിച്ചു. ഈ പാരമ്പര്യത്തിൽ നിന്ന് ആരെ വേണമെന്ന് തീരുമാനിക്കാനാണ് അമേരിക്കക്കാർ ഇന്ന് ബൂത്തുകളിൽ എത്തുന്നത്.
ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് പോളിങ് ആരംഭിക്കുന്ന സ്റ്റേറ്റുകൾ ഉണ്ട്. നാളെ പുലർച്ചെ ആറരയ്ക്ക് മാത്രം പോളിങ് അവസാനിക്കുന്ന സ്റ്റേറ്റുകളും ഉണ്ട്. പോളിങ് പൂർത്തിയാകുന്നതിനു പിന്നാലെ വോട്ടെണ്ണലും അതത് സ്റ്റേറ്റുകളിൽ ആരംഭിക്കും.ഫലമറിയാൻ മൂന്നു മുതൽ 15 ദിവസം വരെ നീണ്ടുപോകാനും മതി. കഴിഞ്ഞതവണയെന്നതുപോലെ ഔദ്യോഗിക ഫലത്തിനു മുൻപേ സ്വയം വിജയിയായി പ്രഖ്യാപിച്ച് ഡൊണൾഡ് ട്രംപ് അണിഞ്ഞിറങ്ങിയെന്നും വരാം.
ലോകം ഇനി കാത്തിരിക്കുന്നത് ഈ നൂറ്റാണ്ടിലെ ഇതുവരെയുള്ള ഏറ്റവും നാടകീയമായ ജനാധിപത്യ നിമിഷങ്ങൾക്കു കൂടിയാണ്.