NEWSROOM

അമേരിക്കയിൽ ട്രംപ് യുഗം; ലോകം ചർച്ച ചെയ്യുന്ന റിപ്പബ്ലിക്കൻ നയങ്ങൾ!

വീണ്ടും അധികാര കസേരയിലേക്ക് ട്രംപ് എത്തുന്നത് ഇനി യുഎസിലും ലോകരാജ്യങ്ങളിലും ഏതൊക്കെ തരത്തിൽ പ്രതിഫലിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ന് ലോകം

Author : ന്യൂസ് ഡെസ്ക്

ലോക പൊലീസെന്ന അവകാശവാദവുമായി മുന്നോട്ടുപോകുന്ന അമേരിക്കയുടെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വീണ്ടും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് എത്തിയിരിക്കുകയാണ്. അമേരിക്കയുടെ ചരിത്രത്തിൽ രണ്ട് തവണ ഇംപീച്ച്മെൻ്റ് നടപടിക്ക് നിർദേശിക്കപ്പെട്ട ആദ്യ പ്രസിഡൻ്റ്, 40ലധികം ലൈംഗികാതിക്രമ കേസുകൾ, തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങൾ... എന്നിട്ടും, ഡൊണാൾഡ് ട്രംപ് തന്നെ വീണ്ടും അധികാരത്തിലേറുമെന്നാണ് സ്വിങ് സ്റ്റേറ്റുകളിലടക്കമുള്ള ട്രംപിൻ്റെ തേരോട്ടം വ്യക്തമാക്കുന്നത്. വീണ്ടും അധികാര കസേരയിലേക്ക് ട്രംപ് എത്തുന്നത് ഇനി യുഎസിലും ലോകരാജ്യങ്ങളിലും ഏതൊക്കെ തരത്തിൽ പ്രതിഫലിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ന് ലോകം.

ബിസിനസ് സാമ്രാജ്യത്തിൻ്റെ അധിപൻ, റിയൽ എസ്റ്റേറ്റ് കമ്പനിയുടെ അമരക്കാരൻ, റിയാലിറ്റി ഷോ അവതാരകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ഡൊണാൾഡ് ട്രംപ്, 2017ൽ ഹിലരി ക്ലിൻ്റനെ തോൽപിച്ച് കൊണ്ടാണ് അമേരിക്കയുടെ പ്രസിഡൻ്റ് പദത്തിലേക്ക് എത്തിയത്. പ്രസിഡൻ്റായി അരങ്ങേറ്റം കുറിച്ചത് മുതൽ, ഒട്ടേറെ വിവാദ നയങ്ങൾ സ്വീകരിച്ചിട്ടുള്ള ട്രംപ് എന്നും ഡെമോക്രാറ്റുകളുടെയും, പല ലോകരാജ്യങ്ങളുടെയും കണ്ണിലെ കരടായി.

എന്നാൽ, വീണ്ടും അധികാരത്തിലെത്തുന്ന ഡൊണാൾഡ് ട്രംപിൻ്റെ, വിദേശനയം മുതൽ കാലാവസ്ഥാ മാറ്റം വരെയുള്ള വിഷയങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. യുക്രെയ്ന്‍റെ കാര്യത്തിൽ, ഭരണത്തിൽ വന്നാൽ 24 മണിക്കൂറിനകം യുദ്ധം അവസാനിപ്പിക്കുമെന്നാണ് ട്രംപിൻ്റെ നയം. യുക്രെയ്ൻ വിട്ടുവീഴ്ച നടത്തേണ്ടിവരുമെന്നും വ്യക്തമാക്കുന്ന ട്രംപ്, യുക്രെയ്ന് നൽകുന്ന സഹായം അവസാനിപ്പിക്കുമെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.


കുടിയേറ്റത്തെ ശക്തമായി എതിർക്കുന്ന ട്രംപ്, തീവ്ര നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്. അനധികൃതമായി രാജ്യത്തേക്ക് കടന്നവരെ തിരിച്ചയക്കുമെന്നാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന പ്രചരണ റാലിയിൽ അദ്ദേഹം വ്യക്തമാക്കിയത്. രാജ്യത്തേക്ക് കുടിയേറിയ ജനങ്ങൾക്ക് ഉണ്ടാകുന്ന കുട്ടികൾക്ക് യുഎസ് പൗരത്വം ലഭിക്കുന്ന രീതി നിർത്തലാക്കണമെന്നും ട്രംപ് പലതവണ ആവശ്യപ്പെട്ടിരുന്നു. മെക്സിക്കന്‍ മതിലിന്‍റെ നിർമാണം പൂർത്തിയാക്കി മുദ്രവെക്കുമെന്നായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. ക്രോസ്-പാർട്ടി ഇമിഗ്രേഷൻ ബില്ലിന് എതിരെയുള്ള കടുത്ത നിലപാടില്‍ നിന്നും പിന്‍മാറണമെന്ന് ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

പണപ്പെരുപ്പം അവസാനിപ്പിക്കുമെന്നും അമേരിക്കയെ സ്വയംപര്യാപ്തമാക്കുമെന്നുമാണ് ട്രംപിന്‍റെ നയം. എണ്ണയ്ക്കായുള്ള ഖനനം ഊർജച്ചെലവ് കുറയ്ക്കുമെന്നും ട്രംപ് പറയുന്നു. കുറഞ്ഞ പലിശ നിരക്കുകള്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞ ട്രംപ്, രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുന്നത് ഭവന നിർമാണത്തിലെ സമ്മർദം കുറയ്ക്കുമെന്നും അവകാശപ്പെട്ടു. എന്നാല്‍ പലിശ നിരക്ക് കുറയ്ക്കുന്നത് പ്രസിഡന്‍റിന്‍റെ നിയന്ത്രണത്തിലല്ലെന്ന് മാത്രമല്ല, ഇറക്കുമതിക്ക് ഉയർന്ന നികുതി ചുമത്തുമെന്ന അദ്ദേഹത്തിൻ്റെ പ്രസ്താവന വില വർധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

2017ല്‍ പ്രസിഡന്‍റായിരിക്കെ നികുതിയിളവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച നയങ്ങളെ വിപുലീകരിക്കുന്നതിനെ പറ്റിയാണ് ട്രംപ് പറയുന്നത്. ട്രില്യണ്‍ കണക്കിന് നികുതിയിളവുകള്‍ കൊണ്ടുവരുന്ന ട്രംപിന്‍റെ നയങ്ങള്‍ സമ്പന്നരെ സഹായിക്കാനായി ലക്ഷ്യംവെച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. ഉയർന്ന വളർച്ചാ നിരക്കിലൂടെയും ഇറക്കുമതി ചുങ്കത്തിലൂടെയും യുഎസ് ഖജനാവിലേക്ക് പണം എത്തിക്കുമെന്നാണ് ട്രംപിന്‍റെ വാദം. എന്നാല്‍ ഇതൊക്കെ ഊതി വീർപ്പിച്ച ബലൂണ്‍ പോലൊരു പ്രതിഭാസമാണെന്നും ഇതുവഴി ധനകമ്മി വർധിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.


1973ലെ റോ വേഴ്‌സസ് വെയ്ഡ് കേസ് ഉത്തരവിനെ അസാധുവാക്കിയാണ് ഗര്‍ഭച്ഛിദ്രം യുഎസില്‍ ഭരണഘടനാപരമായ അവകാശമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ഈ നിയമം റദ്ദാക്കാൻ സുപ്രീം കോടതിയിൽ കൺസർവേറ്റീവ് ജഡ്ജികളെ നിയമിച്ച് നീക്കത്തിന് ചുക്കാൻ പിടിച്ചത് ഡൊണാൾഡ് ട്രംപാണ്. ബലാത്സംഗത്തിന് ഇരയായവർക്ക് പോലും അബോർഷൻ അനുവദിക്കരുതെന്ന വിചിത്ര പ്രസ്താവനയും ട്രംപ് ഉന്നയിച്ചിട്ടുണ്ട്. ട്രംപ് അധികാരത്തിലെത്തുന്നതോടെ അബോർഷൻ നിലവിലില്ലാത്ത മറ്റു സംസ്ഥാനങ്ങളിൽ കൂടി ട്രംപ് അബോർഷൻ പ്ലാൻ നടപ്പിലാക്കിയേക്കും.

അമേരിക്കയിൽ ഇലക്ട്രിക് വാഹന നയങ്ങളിൽ നിന്നെല്ലാം പിറകോട്ട് പോകുന്നതാണ് ട്രംപിൻ്റെ നിലപാട്. ഗ്രീൻ എനർജിയിലും മറ്റ് പരിസ്ഥിതി അനുകൂല ടെക്നോളജികളിലുമുള്ള നിക്ഷേപത്തിൽ നിന്നും പിൻവലിയുന്നതാണ് ട്രംപിൻ്റെ നിലപാട്. കാലാവസ്ഥാ മാറ്റത്തിലെ പാരീസ് ഉച്ചകോടിയിലുണ്ടായ നയങ്ങളിൽ നിന്ന് പിന്‍മാറുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഡൊണാള്‍ഡ് ട്രംപിന്‍റേത് വേറിട്ടൊരു വിദേശ നയമാണ്. എല്ലാ അന്താരാഷ്ട്ര പ്രശ്നങ്ങള്‍ക്കും തന്‍റെ കയ്യില്‍ ഉടനടി പരിഹാരമുണ്ടെന്ന നിലപാടാണ് ട്രംപിന്. ലോകത്തെ മറ്റിടങ്ങളിലെ സംഘർഷങ്ങളില്‍ നിന്നും യുഎസ് അകലം പാലിക്കണമെന്നാണ് ട്രംപിന്‍റെ നിലപാട്. ചൈനയ്‌ക്കെതിരെ ശക്തമായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. വിദേശ ഇറക്കുമതിക്ക് പത്ത് ശതമാനം മിനിമം നികുതി ഈടാക്കണമെന്ന് ട്രംപ് നിർദേശിക്കുമ്പോൾ, ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 60 ശതമാനമായി നികുതി ഉയർത്തണമെന്നാണ് ട്രംപിൻ്റെ നയം.

SCROLL FOR NEXT