NEWSROOM

'കാത്തിരിപ്പിനൊടുവില്‍'; വാഹനാപകടത്തില്‍ കോമയിലായ ഇന്ത്യന്‍ വിദ്യാർഥിയുടെ കുടുംബത്തിന് വിസ അനുവദിച്ച് യുഎസ്

നീലത്തിന്റെ പിതാവ് തനാജി ഷിൻഡെ, കസിൻ, അമ്മാവൻ എന്നിവർ അടുത്ത ഫ്ലൈറ്റിൽ യുഎസിലേക്ക് തിരിക്കും

Author : ന്യൂസ് ഡെസ്ക്

ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കാറപകടത്തിൽ പരുക്കേറ്റ് കോമയിലായ ഇന്ത്യൻ വിദ്യാർഥിയുടെ മാതാപിതാക്കൾക്ക് അടിയന്തര വിസ അനുവദിച്ച് യുഎസ്. ഫെബ്രുവരി 14നാണ് മഹാരാഷ്ട്ര സ്വദേശിനി നീലം ഷിൻഡെ കാലിഫോർണിയയിൽ അപകടത്തിൽപ്പെട്ടത്. അപകടവിവരം അറിഞ്ഞ അന്നുമുതൽ വിസയ്ക്കായി ശ്രമിക്കുകയായിരുന്നു കുടുംബം. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ നാലാം വർഷ വിദ്യാർഥിനിയായ നീലം ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.



നീലത്തിന്റെ പിതാവ് തനാജി ഷിൻഡെ, കസിൻ, അമ്മാവൻ എന്നിവർ അടുത്ത ഫ്ലൈറ്റിൽ യുഎസിലേക്ക് തിരിക്കും. 5-6 ലക്ഷം രൂപ ലോണെടുത്താണ് ഇവർ യുഎസിലേക്ക് പൊകാനുള്ള പണം കണ്ടെത്തിയത്. സാമ്പത്തികമായി സർക്കാരിന്റെ സഹായം ലഭിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്നും നീലത്തിന്റെ ആശുപത്രി ബില്ലെത്രയാണെന്ന് ഇതുവരെ അറിയില്ലെന്നും കുടുംബം പറഞ്ഞു. വിസ നടപടികള്‍ക്കായി ഒപ്പം നിന്ന എക്നാഥ് ഷിന്‍‌ഡെ, സുപ്രിയ സൂലെ, മാധ്യമങ്ങള്‍ എന്നിവർക്ക് കുടുംബം നന്ദി അറിയിച്ചു. നീലത്തിന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് യുഎസിൽ എത്താൻ ആവശ്യപ്പെട്ട് കുടുംബത്തിന് ആശുപത്രി അധികൃതർ ഇ മെയിൽ അയച്ചിരുന്നു. ഓപ്പറേഷൻ നടത്തുവാൻ രക്തബന്ധമുള്ളവരുടെ അനുമതിവേണമെന്നും രോഗി മരണാസന്നയായതിനാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായി ആരെങ്കിലും ഒപ്പമുണ്ടാകണമെന്നുമാണ് ആശുപത്രിയുടെ നിലപാട്. ഇതിനെ തുടർന്നാണ് അടിയന്തര മെഡിക്കല്‍ വിസയ്ക്കായുള്ള ശ്രമങ്ങള്‍ കുടുംബം നടത്തിയത്. 

ഫെബ്രുവരി 14ന് വൈകുന്നേരത്തെ നടത്തത്തിനിടയിലാണ് നീലം ഷിൻഡെ അപകടത്തിൽപ്പെട്ടത്. പുറകിൽ നിന്നെത്തിയ കാർ നീലത്തെ ഇടിച്ച ശേഷം നിർത്താതെ കടന്നുപോവുകയായിരുന്നു. അപകടത്തിനു ശേഷം 35 വയസുളള നീലത്തെ സി. ഡേവിസ് മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചു. കൈകാലുകൾക്കും തലയ്ക്കും നെഞ്ചിലും പരിക്കേറ്റ നീലം നിലവിൽ കോമയിലാണ്. നെഞ്ചിനേറ്റ ആഘാതമാണ് നീലത്തെ കോമയിലെത്തിച്ചത്. അപകടം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് റൂം മേറ്റിൽ നിന്ന് ബന്ധുക്കൾ വിവരം അറിഞ്ഞത്.

നീലത്തെ ഇടിച്ച വഹനത്തിൻ്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി ലോറൻസ് ​ഗോലോയെ അഞ്ച് ദിവസത്തിന് ശേഷമാണ് സാക്രമെന്റോ പൊലീസ് അറസ്റ്റ് ചെയ്തത്.

SCROLL FOR NEXT