NEWSROOM

ഹമാസ് ബന്ധം ആരോപിക്കപ്പെട്ട ഇന്ത്യൻ ഗവേഷകൻ്റെ നാടുകടത്തൽ തടഞ്ഞ് യുഎസ് കോടതി

യുഎസ് തലസ്ഥാനത്തെ ജോ‍ർജ്ടൗൺ യൂണിവേഴ്സിറ്റിയിലെ സ്കോള‍റായ ബദ‍ർ ഖാൻ സൂരിയുടെ നാടുകടത്തലാണ് യുഎസ് ജഡ്ജി തടഞ്ഞത്

Author : ന്യൂസ് ഡെസ്ക്

ഹമാസ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട നാടുകടത്തൽ ഭീഷണി നേരിടുന്ന ഇന്ത്യൻ ഗവേഷകനെ നാടുകടത്തുന്നത് തടഞ്ഞ് യുഎസ് ജഡ്ജി. യുഎസ് തലസ്ഥാനത്തെ ജോ‍ർജ്ടൗൺ യൂണിവേഴ്സിറ്റി സ്കോളറായ ബദ‍ർ ഖാൻ സൂരിയുടെ നാടുകടത്തലാണ് യുഎസ് ജഡ്ജി തടഞ്ഞത്. കോടതി മറ്റൊരു ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതു വരെ ഗവേഷകനെ അമേരിക്കയില്‍ നിന്ന് പുറത്താക്കരുതെന്ന് ജഡ്ജി ഉത്തരവിട്ടു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരമേറ്റതോടെ ഗവേഷണ സ്വാതന്ത്ര്യത്തിനും സംസാര സ്വാതന്ത്ര്യത്തിനും വെല്ലുവിളി നേരിടുമോ എന്ന ആശങ്ക അക്കാദമിക് ലോകത്ത് വർദ്ധിച്ചുവന്ന സാഹചര്യത്തിലായിരുന്നു ബദ‍ർ ഖാൻ സൂരിയുടെ അറസ്റ്റ്. 

അറസ്റ്റ് അദ്ദേഹത്തിന്റെയും പലസ്തീൻ അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നവരുടെ ശബ്ദത്തെ നിശബ്ദമാക്കാനും നിയന്ത്രണം ഏർപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പ്രതികാരനടപടിയാണെന്ന് ബദ‍ർ ഖാൻ സൂരിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സൂരിയെ ജയിൽ മോചിതനാക്കണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. സൂരിയുടെ കേസ് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും (ACLU) പിന്തുണച്ചു. നാടുകടത്തൽ തടയാൻ അടിയന്തര പ്രമേയം ഫയൽ ചെയ്ത സംഘടന അവരുടേതായിരുന്നു.

"ഒരാളെ അയാളുടെ വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും വേർപെടുത്തുകയും, അവരുടെ കുടിയേറ്റ പദവി എടുത്തുകളയുകയും, അവരുടെ രാഷ്ട്രീയ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തടങ്കലിൽ വെക്കുകയും ചെയ്യുന്നതെല്ലാം എതിർപ്പുകളെ നിശബ്ദമാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ വ്യക്തമായ ശ്രമമാണ്," ACLU ഇമിഗ്രൻ്റ് റൈറ്റ്സ് അറ്റോർണി സോഫിയ ഗ്രെഗ് പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. കസ്റ്റഡിയിലെടുത്ത ബദർ ഖാൻ സൂരിയെ പിന്തുണച്ച ജോർജ്ടൗൺ സർവകലാശാല, അദ്ദേഹം ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി അറിയില്ലായിരുന്നുവെന്ന് അറിയിച്ചു.

തിങ്കളാഴ്ച രാത്രി വിര്‍ജീനിയയിലെ വീടിന് പുറത്തുവെച്ചാണ് സൂരി അറസ്റ്റിലായത്. സൂരിയുടെ അറസ്റ്റിന് പിന്നാലെ "ജോർജ്ജ്‌ടൗൺ യൂണിവേഴ്‌സിറ്റിയിലെ വിദേശ വിനിമയ വിദ്യാർഥിയായിരുന്ന സൂരി, ഹമാസിനെ പിന്തുണച്ച് പ്രചാരണ നടത്തുകയും സോഷ്യൽ മീഡിയയിൽ സെമിറ്റിക് വിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്തു"വെന്നും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ വക്താവ് ട്രീഷ്യ മക്‌ലാഫ്‌ലിനാണ് എക്‌സിൽ അറിയിച്ചത്. ഹമാസിന്റെ മുതിർന്ന ഉപദേഷ്ടാവായ അറിയപ്പെടുന്നതോ, സംശയിക്കപ്പെടുന്നതോ ആയ ഒരാളുമായി സൂരിക്ക് അടുത്ത ബന്ധമുണ്ടെന്നും മക്ലാഫ്ലിൻ ആരോപിക്കുകയായിരുന്നു.

SCROLL FOR NEXT