NEWSROOM

ലബനന് പിന്നാലെ ഗാസയിലും വെടി നിർത്തൽ ?; യുഎസിൻ്റെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്

ഗാസയിലെ വെടിനിർത്തലിൽ ഇസ്രയേലും ഹമാസും ഗൗരവം കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നയതന്ത്ര ചർച്ചകളിൽ നിന്ന് ഖത്തർ പരസ്യമായി പിൻമാറിയത്.

Author : ന്യൂസ് ഡെസ്ക്

ലബനന് പിന്നാലെ ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കാൻ അമേരിക്കൻ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. തുർക്കി, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളോടൊപ്പം ചർച്ച മുന്നോട്ട് കൊണ്ടുപോകാനാണ് അമേരിക്കയുടെ ശ്രമം. എന്നാൽ സന്ധിക്കായി മുന്നോട്ട് വെച്ച വ്യവസ്ഥകളിൽ നിന്ന് ഇരുപക്ഷവും പിന്നോട്ട് പോകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ



ഗാസയിലെ വെടിനിർത്തലിൽ ഇസ്രയേലും ഹമാസും ഗൗരവം കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നയതന്ത്ര ചർച്ചകളിൽ നിന്ന് ഖത്തർ പരസ്യമായി പിൻമാറിയത്. അമേരിക്കയുടെയും ഫ്രാൻസിൻ്റെയും ഇടപെടലിലൂടെ ലെബനനിൽ വെടിനിർത്തൽ വന്നതോടെ ഗാസയിലും ഇത് സാധ്യമാക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. ഗാസയിൽ വെടിനിർത്തൽ കൊണ്ടുവരാനുള്ള ചർച്ചകൾ പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് ജോ ബൈഡൻ പറഞ്ഞിരുന്നു. മേഖലയിലെ പ്രധാന കക്ഷികളായ തുർക്കി, ഖത്തർ, ഈജിപ്ത് പ്രതിനിധികളുമായി ചർച്ചകൾ ആരംഭിക്കാൻ നിർദേശം ലഭിച്ചതായി യു എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ അറിയിച്ചു.

എന്നാൽ ഗാസയിൽ വെടിനിർത്തൽ കൊണ്ടുവരുന്നത് എളുപ്പമാകില്ലെന്നാണ് റിപ്പോർട്ടുകൾ. ഒത്തുതീർപ്പിനായി ഇസ്രയേലും ഹമാസും മുന്നോട്ട് വെച്ച വ്യവസ്ഥകളിൽ നിന്ന് ഇരുപക്ഷവും പിന്നോട്ട് പോയിട്ടില്ല. ഇസ്രയേൽ ഗാസയെയും ലെബനനെയും വ്യത്യസ്ത രീതിയിൽ പരിഗണിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. ഗാസ ഇനി ഒരിക്കലും ഇസ്രയേലിനൊരു ഭീഷണി അല്ല. ഗാസയിൽ വിജയം സാധ്യമാണെന്നും എന്നാൽ ലെബനനൻ അങ്ങനെയല്ലെന്നും ഇസ്രയേൽ സുരക്ഷാ ക്യാബിനറ്റ് അംഗമായ ആവി ഡിക്റ്റർ പറയുന്നു. ഇസ്രയേലും അമേരിക്കയുമായി 680 മില്യൺ ഡോളറിൻ്റെ ആയുധകച്ചവടം നടക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം പരിശോധിക്കുമ്പോൾ ഗാസയിൽ ഉടനടി വെടിനിർത്തൽ സാധ്യമാകില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1200ൽ പരം പേർ കൊല്ലപ്പെടുകയും 253 പേരെ ബന്ദിയാക്കുകയും ചെയ്തിരുന്നു. ഇതിൽ 100 പേരെ മോചിപ്പിച്ചെങ്കിലും ഹമാസിൻ്റെ പക്കൽ ഇനിയും ബന്ദികളുണ്ടെന്നതാണ് ഇസ്രയേലിനെ സമ്മർദത്തിലാക്കുന്നത്.  ഒക്ടോബർ ഏഴിന് ശേഷം ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ ഇതിനകം 44,000ത്തോളം പേരാണ് കൊല്ലപ്പെട്ടത്.

SCROLL FOR NEXT