NEWSROOM

'സിന്നര്‍ ദി വിന്നര്‍'; യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം യാനിക് സിന്നറിന്

കിരീടനേട്ടത്തോടെ യുഎസ് ഓപ്പണ്‍ വിജയിക്കുന്ന ആദ്യ ഇറ്റാലിയന്‍ താരമായി സിന്നർ

Author : ന്യൂസ് ഡെസ്ക്

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയന്‍ താരം യാനിക് സിന്നറിന്. ഫൈനല്‍ യുഎസിന്റെ ടെയ്ലര്‍ ഫിറ്റ്‌സിനെയാണ് സിന്നര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-4, 7-5. യുഎസ് താരത്തെ സ്വന്തം ആരാധകര്‍ക്കു മുന്നില്‍ പ്രതിരോധത്തിലാക്കിയ സിന്നര്‍ ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ മികച്ച പ്രകടനങ്ങളുമായി ഇരു താരങ്ങളും കളം നിറഞ്ഞതോടെ മത്സരം ആവേശത്തിന്റെ പരകോടിയിലെത്തി. ഒടുവില്‍ ലോക ഒന്നാം നമ്പര്‍ താരം 6-4ന് രണ്ടാം സെറ്റ് പിടിച്ചെടുത്തു. മൂന്നാം സെറ്റിലെ കടുത്ത പോരാട്ടത്തിനോടുവില്‍ ഫ്രിറ്റ്‌സ് 5-3ന് മുന്നിലെത്തി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച സിന്നര്‍ 7-5 ന് മൂന്നാം സെറ്റും യുഎസ് ഓപ്പണ്‍ കിരീടവും നേടി.

ലോക 12-ാം നമ്പര്‍ താരമായ ഫ്രിറ്റ്‌സ് 2009ന് ശേഷം ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന യുഎസിന്റെ ആദ്യ പുരുഷ താരമാണ്. സെമിയില്‍ ബ്രിട്ടന്റെ ജാക് ഡ്രേപ്പറെ പരാജയപ്പെടുത്തിയാണ് സിന്നര്‍ യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ താരമായത്. കിരീടനേട്ടത്തോടെ യുഎസ് ഓപ്പണ്‍ വിജയിക്കുന്ന ആദ്യ ഇറ്റാലിയന്‍ താരവുമായി. സിന്നറുടെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും 23 വയസ്സുകാരനായ താരം വിജയിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഡാനില്‍ മെദ്വദേവിനെ വീഴ്ത്തിയാണ് സിന്നര്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം വിജയിക്കുന്നത്. 2022 ലെ യുഎസ് ഓപ്പണില്‍ താരം അവസാന എട്ടിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രീക്വാര്‍ട്ടറില്‍ അലക്‌സാണ്ടര്‍ സ്വരേവിനോടു തോറ്റു. 2023 ലെ വിമ്പിള്‍ഡന്‍ സെമി ഫൈനല്‍ കളിച്ച താരം കൂടിയാണ് സിന്നര്‍.

SCROLL FOR NEXT