NEWSROOM

അയണ്‍ ഡോമിന്റെ മാതൃകയില്‍ യുഎസ്സിന്റെ 'ഗോള്‍ഡന്‍ ഡോം'; ആകെ ചെലവ് 175 ബില്ല്യണ്‍ കോടി!

സ്വപ്നപദ്ധതിയെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ച ഗോൾഡൻ ഡോമിലൂടെ വലിയ ലക്ഷ്യങ്ങളാണ് യുഎസിനുള്ളത്

Author : ന്യൂസ് ഡെസ്ക്

ഇസ്രയേലിന്‍റെ മിസൈല്‍ പ്രതിരോധകവചമായ അയണ്‍ ഡോമിന്‍റെ മാതൃകയില്‍ സ്വന്തമായൊരു മിസൈല്‍ ഷീല്‍ഡ് സിസ്റ്റം വികസിപ്പിക്കാനൊരുങ്ങി യുഎസ്. 'ഗോള്‍ഡന്‍ ഡോം' എന്നാണ് ഈ ഭൂഖണ്ഡാന്തര-ബഹിരാകാശ മിസൈല്‍ പ്രതിരോധ സംവിധാനത്തിന് ട്രംപ് ഭരണകൂടം നൽകിയിരിക്കുന്ന പേര്. ഗോൾഡൻ ഡോമിൻ്റെ പദ്ധതിരേഖ ഇതിനോടകം തയ്യാറായി കഴിഞ്ഞു.പദ്ധതിയെ ശക്തമായി എതിർത്ത ചൈനയും റഷ്യയും, യുദ്ധമുന്നൊരുക്കുമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

സ്വപ്നപദ്ധതിയെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ച ഗോൾഡൻ ഡോമിലൂടെ വലിയ ലക്ഷ്യങ്ങളാണ് യുഎസിനുള്ളത്. പദ്ധതിക്കായി ആദ്യഘട്ടം 25 ബില്ല്യണ്‍ ഡോളറും പൂർത്തിയാകുമ്പോഴേക്കും 175 ബില്ല്യണ്‍ ഡോളറും ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. ലോകത്തിന്‍റെ ഏതറ്റത്തുനിന്നുമുള്ള മിസൈലാക്രമണങ്ങളെ തടയാന്‍ ശേഷിയുള്ള, ഭൂഖണ്ഡാന്തര-ബഹിരാകാശ മിസൈൽ ഷീൽഡ് സിസ്റ്റമാണ് ഗോള്‍ഡന്‍ ഡോം.

ക്രൂസ് മിസൈലുകൾ, ബലിസ്റ്റിക് മിസൈലുകൾ, ഹൈപ്പർസോണിക് മിസൈലുകൾ, ഡ്രോണുകൾ എന്നിങ്ങനെ പരമ്പരാഗത ആക്രമണങ്ങളില്‍ നിന്നും ആണവ ഭീഷണികളില്‍ നിന്നും യുഎസിന് കവചം തീർക്കാനാണ് ഗോള്‍ഡന്‍ ഡോം വികസിപ്പിക്കുന്നത്. ബഹിരാകാശ അധിഷ്ടിത സെന്‍സറുകളും ഇന്‍റർസെപ്റ്ററുകളും വഹിക്കുന്ന ഈ സംവിധാനം പറന്നുയരുന്നതിന് മുന്‍പേ ഭീഷണി ഇല്ലാതാക്കുന്നു. മൂന്ന് വർഷത്തിനുള്ളില്‍, ഗോള്‍ഡന്‍ ഡോം പ്രവർത്തനക്ഷമമാകുമെന്നാണ് കണക്കാക്കുന്നത്. ട്രംപിന്‍റെ ഔദ്യോഗിക കാലാവധി അവസാനിച്ച് അടുത്ത തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും പദ്ധതി പൂർത്തീകരിക്കാനാണ് പദ്ധതി.

2011 മുതല്‍ ഇസ്രയേലിന്‍റെ സൈനിക പ്രതിരോധത്തിന് കവചമായി നില്‍ക്കുന്ന അയൺ ഡോമിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ട്രംപിന്‍റെ ഗോള്‍ഡന്‍ ഡോം പദ്ധതിയിലെത്തിച്ചേർന്നത്. എന്നാല്‍ ഹ്രസ്വ-ദൂര മിസൈല്‍ പ്രതിരോധകവചമായ അയൺ ഡോമില്‍ നിന്ന് വ്യത്യസ്തമായ ലക്ഷ്യങ്ങളാണ് ഗോള്‍ഡന്‍ ഡോമിലൂടെ യുഎസിന്. മുഖ്യശത്രുക്കൾ ശക്തരാകുന്നത് മുന്നിൽ കണ്ടാണ് ട്രംപിൻ്റെ നീക്കം.

ബലിസ്റ്റിക്, ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയില്‍ യുഎസിന് തോളൊപ്പം എത്തിക്കഴിഞ്ഞു ചൈന. റഷ്യ ഭൂഖണ്ഡാന്തര-വിദൂര മിസൈൽ സംവിധാനങ്ങൾ നവീകരിക്കുകയും നൂതനമായ സ്ട്രൈക്ക് മിസൈലുകൾ വികസിപ്പിക്കുകയും ചെയ്യുന്നു. ഉത്തരകൊറിയ എന്ന എക്കാലത്തെയും ശത്രു റഷ്യയുമായി സഖ്യബന്ധം പുതുക്കുകയാണ്.

ഹൂതികളുമായി നേരിട്ട് യുദ്ധപ്രഖ്യാപനം നടക്കവെ, ഇറാനുമായുള്ള ആണവചർച്ചകളിലും യുഎസിന് ഭീഷണിയുടെ സ്വരമാണ്. ഇറാനിലെ നിർണ്ണായക സംവിധാനങ്ങള്‍ ലക്ഷ്യംവെച്ച് അടുത്തകാലത്ത് നടത്തിയ ആക്രമണങ്ങളും റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയ്ന് കൈമാറിയ ഡ്രോണ്‍ പ്രതിരോധസംവിധാനവുമെല്ലാമാണ് ഇവിടെ യുഎസിൻ്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. അതേസമയം, യുഎസിൻ്റെ നീക്കത്തെ യുദ്ധമുന്നൊരുക്കമെന്നാണ് റഷ്യയും ചെെനയും വിശേഷിപ്പിക്കുന്നത്. ഗോള്‍ഡന്‍ ഡോമിന്‍റെ പ്രധാന വിമർശകരും ലോകത്തിലെ മറ്റ് 2 സൈനിക ശക്തികളായ റഷ്യയും ചൈനയും തന്നെയാണ്.

SCROLL FOR NEXT