NEWSROOM

റഷ്യയുമായുള്ള യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് യുക്രെയ്ൻ; സൈനിക സഹായം നിർത്തിവെച്ച് യുഎസ്

സമാധാന ചർച്ചകൾക്ക് യുക്രെയ്ൻ തയ്യാറാകുന്നതു വരെ സഹായങ്ങൾ നൽകില്ലെന്നും അറിയിപ്പിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

റഷ്യയുമായുള്ള യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വ്ളോഡിമിർ സെലൻസ്കി അറിയിച്ചതോടെ രാജ്യത്തിന് നൽകുന്ന സൈനിക സഹായം നിർത്തിവെച്ച് യുഎസ്. സൈനിക സഹായം നൽകുന്നത് നിർത്തിവച്ചുവെന്ന അറിയിപ്പ് വൈറ്റ്‌ഹൗസാണ് പുറത്തുവിട്ടത്.
സമാധാന ചർച്ചകൾക്ക് യുക്രെയ്ൻ തയ്യാറാകുന്നതു വരെ സഹായങ്ങൾ നൽകില്ലെന്നും അറിയിപ്പിൽ പറയുന്നു.

റഷ്യ- യുക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ യുക്രെയ്ൻ്റെ ഏറ്റവും വലിയ സൈനിക സ്രോതസായാണ് യുഎസ് പ്രവർത്തിച്ചിരുന്നത്. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കു എന്ന ലക്ഷ്യം വളരെ വിദൂരമാണെന്ന് സെലൻസ്കിയുടെ പ്രതികരണം വന്നതിന് പിന്നാലെയാണ് യുഎസ് പ്രസിഡൻ്റ്  ഡൊണാൾഡ് ട്രംപ് ഈ തീരുമാനം പുറത്തുവിട്ടത്. 180 ബില്ല്യൺ ഡോളറിലധികം സഹായം യുക്രെയ്ന് നൽകിയെന്നാണ് യുഎസ് അറിയിക്കുന്നത്.

ലോകബാങ്ക് ട്രസ്റ്റ് വഴിയും യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ് വഴിയുമാണ് പ്രധാനമായും സഹായം നൽകുന്നത്. “സമാധാനത്തിന് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് യുഎസ് പ്രസിഡൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ പങ്കാളികളും ആ ലക്ഷ്യത്തില്‍ അണിചേരണമെന്നാണ് ആഗ്രഹം", വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുക്രെയ്‌നുള്ള സൈനികസഹായം താല്‍ക്കാലികമായി നിര്‍ത്തുകയാണ്. പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിക്കുന്നത് വരെ ഈ നിര്‍ത്തലാക്കല്‍ തുടരുമെന്നും യുഎസിലെ ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

SCROLL FOR NEXT