NEWSROOM

സങ്കീർണതകൾ നിറഞ്ഞ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്; വിവിധ ഘട്ടങ്ങൾ ഇങ്ങനെ...

ഓരോ രാഷ്ട്രീയ പാര്‍ട്ടിയിലും വ്യത്യസ്ത രീതിയിലാകും പ്രൈമറിയും കോക്കസും നടക്കുക

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെയധികം സങ്കീര്‍ണതകള്‍ നിറഞ്ഞതാണ് അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും മത്സരിക്കുന്ന ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്.

നാല് വര്‍ഷം കൂടുമ്പോഴാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. പുരോഗമന കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെയ്ക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയും പരമ്പരാഗത മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

ജനുവരി മുതല്‍ ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്നതാണ് ആദ്യ ഘട്ടം. പ്രൈമറിയും കോക്കസും. ഓരോ രാഷ്ട്രീയപാര്‍ട്ടിയിലും വ്യത്യസ്ത രീതിയിലാകും പ്രൈമറിയും കോക്കസും നടക്കുക. പ്രൈമറിയില്‍ പാര്‍ട്ടി മെമ്പര്‍മാര്‍ മികച്ച സ്ഥാനാര്‍ഥിയെന്ന് കരുതുന്നയാള്‍ക്ക് വോട്ട് രേഖപ്പെടുത്തും. ഈ സംവിധാനത്തിലൂടെ ഒന്നിലധികം സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തെത്തുന്നു.

കോക്കസില്‍ ഘട്ടം ഘട്ടമായി നടക്കുന്ന ചര്‍ച്ചകളിലൂടെയും വോട്ടിലൂടെയും പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന മികച്ച സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നു. പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് ഗൂഢാലോചന നടത്തുന്നവരെ കോക്കസ് എന്നു വിളിക്കുന്ന രീതി ഈ സംവിധാനത്തില്‍ നിന്ന് ഉണ്ടായതാണ്.

ഓരോ പാര്‍ട്ടിയിലും നടക്കുന്ന കണ്‍വെന്‍ഷനുകളാണ് രണ്ടാംഘട്ടം. ഓരോ പാര്‍ട്ടിയും നാഷണല്‍ കണ്‍വെന്‍ഷന്‍ നടത്തിയാകും പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. മൂന്നാം ഘട്ടമാണ് പൊതു തെരഞ്ഞെടുപ്പ്.

ജനപ്രതിനിധി സഭയും സെനറ്റും ചേര്‍ന്നതാണ് യു.എസ് കോണ്‍ഗ്രസ്. ജനപ്രതിനിധി സഭ ഇന്ത്യയിലെ ലോക്‌സഭയ്ക്കും സെനറ്റ് രാജ്യസഭയ്ക്കും സമാനമാണ്. ജനപ്രതിനിധി സഭയുടെ കാലാവധി രണ്ട് വര്‍ഷവും സെനറ്റിന്റേത് ആറ് വര്‍ഷവും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പോളിങ് സ്റ്റേഷനുകളില്‍ പോയും, ബാലറ്റ് സംവിധാനത്തിലൂടെയും വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയും.

ബാലറ്റ് സംവിധാനത്തിലൂടെയുള്ള വോട്ടിങ് രീതിമുമ്പ് തന്നെ ആരംഭിക്കും. വോട്ടര്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യും. ഇങ്ങനെ ലഭിക്കുന്ന വോട്ടിനെയാണ് പോപ്പുലര്‍ വോട്ട് എന്ന് പറയുന്നത്. എന്നാല്‍ പോപ്പുലര്‍ വോട്ടില്‍ ഭൂരിപക്ഷം നേടിയാലും പ്രസിഡന്റാകാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്.

ഓരോ സ്റ്റേറ്റുകളിലെയും ജനസംഖ്യ അനുസരിച്ച് പ്രത്യേക ഇലക്ടറല്‍ കോളജ് അനുവദിച്ചിട്ടുണ്ട്. ഓരോ പത്ത് വര്‍ഷത്തിലും ജനസംഖ്യക്ക് ആനുപാതികമായി ഇലക്ടറല്‍ കോളേജിന്റെ എണ്ണത്തിലും വ്യത്യാസം വരും. ഇവരാകും ഓരോ രാഷ്ട്രീയ പാര്‍ട്ടിയെയും സെനറ്റിലും ജനപ്രാതിനിധ്യ സഭയിലുമായി പ്രതിനിധീകരിക്കുക.

538 ഇലക്ടര്‍മാരെയാണ് എല്ലാ സ്റ്റേറ്റില്‍ നിന്നുമായി തെരഞ്ഞെടുക്കുക. ഇവരാകും സെനറ്റിലും ജനപ്രാതിനിധ്യ സഭയിലും അതാത് പാര്‍ട്ടികളെ പ്രതിനിധീകരിക്കുക. എന്നാല്‍ ഒരു സ്റ്റേറ്റില്‍ ഏത് പാര്‍ട്ടിക്കാണോ ഭൂരിപക്ഷം ലഭിക്കുന്നത്, ആ സ്റ്റേറ്റിലെ മുഴുവന്‍ ഇലക്ടറല്‍ കോളേജ് വോട്ടുകളും ഭൂരിപക്ഷം ലഭിച്ച പാര്‍ട്ടിക്ക് ലഭിക്കുന്നു. അങ്ങനെ പോപ്പുലര്‍ വോട്ടിനെ പിന്തള്ളി ഇലക്ടറല്‍ കോളേജിലെ കൂടുതല്‍ വോട്ടാകും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ജനപ്രതിനിധി സഭ, പ്രസിഡന്റിനെയും സെനറ്റ്, വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും.

SCROLL FOR NEXT