കരിങ്കടൽ വഴിയുള്ള വെടിനിർത്തൽ കരാറിന് റഷ്യയും യുക്രെയ്നും സമ്മതിച്ചതായി യുഎസ് അറിയിച്ചു. വൈറ്റ് ഹൗസ് പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഈ കാര്യം അറിയിച്ചത്. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക നീക്കമാണ് ഇതെന്നായിരുന്നു യുഎസിൻ്റെ പ്രതികരണം. കരിങ്കടൽ വഴി പോകുന്ന കപ്പലുകളും, ഊർജോൽപാദന കേന്ദ്രങ്ങളും ആക്രമിക്കില്ല എന്നും കരാറിൻ്റെ ഭാഗമായി പ്രാബല്യത്തിൽ വരും. കരിങ്കടൽ വഴിയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കുക എന്നതാണ് വെടിനിർത്തൽ കരാറിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരും മുന്നേ ചില ഉപരോധങ്ങൾ പിൻവലിക്കണമെന്ന് റഷ്യ ആവശ്യമുന്നയിച്ചു. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ഭക്ഷ്യ കയറ്റുമതി എന്നിവയ്ക്കെതിരായ ചില ഉപരോധങ്ങൾ പിൻവലിക്കണെമെന്നാണ് റഷ്യ മുന്നോട്ട് വച്ചത്. ഉപരോധങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാവണമെങ്കിൽ യുഎസ് യുക്രെയ്നോട് ബന്ധപ്പെടണമെന്നും റഷ്യ അറിയിച്ചു.
ശാശ്വതവും നിലനിൽക്കുന്നതുമായ സമാധാന അന്തരീക്ഷം കൈവരിക്കുന്നതിനായി യുക്രെയ്നും, റഷ്യയും തുടർന്നും പ്രവർത്തിക്കുമെന്നും പ്രസ്താവനകളിൽ പറയുന്നു. കാർഷിക, വളം കയറ്റുമതിക്കായി ലോക വിപണിയിലേക്കുള്ള റഷ്യയുടെ പ്രവേശനം പുനഃസ്ഥാപിക്കുന്നതിനും, സമുദ്ര ഇൻഷുറൻസ് ചെലവുകൾ കുറയ്ക്കുന്നതിനും,യുഎസ് റഷ്യയെ സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.