NEWSROOM

"ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷ സാധ്യത ഒഴിവാക്കണം"; ഇടപെടലുമായി യുഎസ്

ഭീകരതയ്‌ക്കെതിരെയും, ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തിലും ഇരു രാജ്യങ്ങളും സഹകരിക്കണമെന്നും റൂബിയോയുടെ അറിയിപ്പിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

ഇന്ത്യ-പാക് സംഘർഷത്തിൽ ഇടപെടലുമായി യുഎസ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷ സാധ്യത ഒഴിവാക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ അറിയിച്ചു. ഭീകരതയ്‌ക്കെതിരെയും, ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തിലും ഇരു രാജ്യങ്ങളും സഹകരിക്കണമെന്നും റൂബിയോയുടെ അറിയിപ്പിൽ പറയുന്നു.

വിദേശകാര്യ മന്ത്രി എസ്. ജയ‌ശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും മാർകോ റൂബിയോ ഫോണിൽ സംസാരിച്ചു. ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ആസൂത്രകരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ജയശങ്കർ ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കാനും അന്വേഷണത്തിൽ സഹകരിക്കാനും റൂബിയോ പാകിസ്ഥാനോട് ആവശ്യപ്പെട്ടതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് എക്സിൽ കുറിച്ചു.



അതേസമയം, മറ്റ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ഇന്ത്യയുടെ നീക്കം തുടരുകയാണ്. ഭീകരാക്രമണത്തിന് മറുപടി നൽകാൻ ആലോചനകൾ നടക്കുന്നതിനിടെയാണ് ഇന്ത്യയുടെ ശ്രമം. യുഎൻ സുരക്ഷാ കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗ രാജ്യങ്ങളുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബന്ധപ്പെട്ടു. എന്നാൽ യുഎന്നിൽ വലിയ സ്വാധീനമുള്ള യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം ഇല്ലാത്ത രാജ്യങ്ങളുടെ കൂട്ടത്തിൽ പാകിസ്ഥാനുമുണ്ട് എന്നതും ശ്രദ്ധേയമാണ്. പഹൽഗാം ആക്രമണത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വീണ്ടും ചർച്ച ചെയ്യാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ഇന്ത്യ പിന്തുണ തേടിയുള്ള നീക്കം തുടരുന്നത്.



അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ തിരിച്ചടിക്ക് സജ്ജമെന്ന് ഇന്ത്യൻ നേവി അറിയിച്ചിരുന്നു. യുദ്ധക്കപ്പലുകളുടെ ചിത്രം പങ്കുവെച്ചാണ് ഇന്ത്യൻ നേവി പോസ്റ്റ് ചെയ്തത്. ഒരു ദൗത്യവും അകലെയല്ല, ഒരു കടലും അത്ര വലുതുമല്ല' എന്ന കുറിപ്പോടെയാണ് പൂര്‍ണസജ്ജമായ യുദ്ധകപ്പലുകളുടെ ചിത്രങ്ങള്‍ സഹിതം നാവികസേന എക്സില്‍ കുറിപ്പ് പങ്കുവെച്ചത്.

അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചതായി പാകിസ്ഥാന്‍ മന്ത്രി പ്രതികരിച്ചിരുന്നു. ഇന്ത്യൻ നടപടികളെ ഭയപ്പെടുന്നതായും പ്രതികരണത്തിൽ പറയുന്നു. ഭീകര വിരുദ്ധ പോരാട്ടത്തിനായി ഇന്ത്യൻ സൈന്യത്തിന് പൂർണ പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തിരുന്നു.

SCROLL FOR NEXT