ഡൊണാള്‍ഡ് ട്രംപ് 
NEWSROOM

ട്രംപിന്റെ ഭീഷണിക്കൊടുവില്‍ കൊളംബിയ വഴങ്ങി; നാടുകടത്തല്‍ വിമാനങ്ങള്‍ക്ക് അനുമതി; അധിക തീരുവ പിന്‍വലിച്ച് യു.എസ്

അനധികൃത കുടിയേറ്റക്കാരെ സ്വീകരിച്ചില്ലെങ്കില്‍ കൊളംബിയയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും യുഎസ് നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്

Author : ന്യൂസ് ഡെസ്ക്



അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ഭാഗമായെത്തുന്ന വിമാനങ്ങളെ ഉപാധികളില്ലാതെ സ്വീകരിക്കാമെന്ന് കൊളംബിയ അറിയിച്ചതോടെ, പ്രതികാര നടപടികളില്‍നിന്ന് പിന്മാറി യുഎസ്. നേരത്തെ, യുഎസ് നാടുകടത്തല്‍ വിമാനങ്ങള്‍ക്ക് കൊളംബിയ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ, കൊളംബിയന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. പിന്നാലെ, കൊളംബിയ നിലപാട് മയപ്പെടുത്തിയതോടെയാണ് യുഎസ് അധിക തീരുവ ഏര്‍പ്പെടാത്താനുള്ള നീക്കം പിന്‍വലിച്ചത്.

ട്രംപ് ഭരണകൂടത്തിന്റെ കര്‍ശന നടപടികളുടെ ഭാഗമായി കൊളംബിയയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ യുഎസ് തീരുമാനിച്ചിരുന്നു. എന്നാല്‍, ഇവരെയും വഹിച്ചുകൊണ്ടുള്ള യുഎസ് നാടുകടത്തല്‍ വിമാനങ്ങള്‍ക്ക് കൊളംബിയ അനുമതി നിഷേധിച്ചു. കുടിയേറ്റക്കാരെ, ക്രിമിനലുകളെപോലെയല്ല കൊണ്ടുവരേണ്ടത് എന്നായിരുന്നു കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെഡ്രോയുടെ നിലപാട്. കുടിയേറ്റക്കാരെ അന്തസോടെയും അര്‍ഹിക്കുന്ന ബഹുമാനത്തോടെയും തിരിച്ചെത്തിക്കണം. നാടുകടത്തല്‍ വിമാനത്തിലല്ല, സാധാരണ വിമാനത്തില്‍ വേണം അവരെ തിരിച്ചെത്തിക്കാനെന്നുമായിരുന്നു പെഡ്രോയുടെ നിലപാട്. "നിങ്ങളുടെ ഉപരോധം എന്നെ ഭയപ്പെടുത്തില്ല. കാരണം, കൊളംബിയ അഴകാര്‍ന്ന രാജ്യം മാത്രമല്ല, ലോകത്തിന്റെ ഹൃദയം കൂടിയാണ്" - പെഡ്രോ ട്രംപിനുള്ള മറുപടിയായി എക്സില്‍ കുറിച്ചു.

പെഡ്രോയുടെ പരസ്യ പ്രതികരണത്തിന്റെ പിന്നാലെ, കൊളംബിയന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവയും, വിസ ഉപരോധവും ഏര്‍പ്പെടുത്തുമെന്ന് ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റിട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍, പ്രശ്നത്തിന് പരിഹാരവുമായി. പ്രസിഡന്റ് ട്രംപിന്റെ എല്ലാ ആവശ്യങ്ങളും കൊളംബിയ അംഗീകരിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ലാറ്റിനമേരിക്കയിലെ മൂന്നാമത്തെ വലിയ യുഎസ് വ്യാപാര പങ്കാളിയാണ് കൊളംബിയ. ഇത് പരിഗണിക്കാതെ കൊളംബിയക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ട്രംപ് അറിയിച്ചത്. അനധികൃത കുടിയേറ്റക്കാരെ സ്വീകരിച്ചില്ലെങ്കില്‍ കൊളംബിയയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും യുഎസ് നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ ഡ്രാഫ്റ്റ് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

SCROLL FOR NEXT