NEWSROOM

റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച: സെലൻസ്‌കിക്ക് ക്ഷണമില്ല, മധ്യസ്ഥത വഹിക്കാൻ യുഎസും

മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കാണ് തുടക്കമാകുന്നത്

Author : ന്യൂസ് ഡെസ്ക്

റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാൻ യുഎസിലെ മുതിർന്ന ഉദ്യോഗസ്ഥർ സൗദിഅറേബ്യയിലെത്തും. എന്നാൽ ചർച്ചയിൽ പങ്കെടുക്കാൻ യൂറോപ്യൻ രാജ്യങ്ങളെ ക്ഷണിച്ചിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് അറിയിച്ചു. മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കാണ് തുടക്കമാകുന്നത്.



യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ സൗദി അറേബ്യയിൽ റഷ്യൻ ചർച്ചക്കാരുമായി കൂടിക്കാഴ്ച നടത്തും. ചർച്ചയ്ക്ക് യുക്രെയ്‌നിനെയും ക്ഷണിച്ചതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ തൻ്റെ രാജ്യത്തിന് അത്തരമൊരു ക്ഷണം ലഭിച്ചിട്ടില്ലെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി വെളിപ്പെടുത്തി.

ജർമ്മനിയിൽ യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സെലൻസ്കിയുടെ പ്രതികരണം. എന്നാൽ യുഎസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വരുംദിവസങ്ങളിൽ സൗദി അറേബ്യയിൽ റഷ്യൻ- യുക്രെയ്ൻ ചർച്ചക്കാരുമായി സമാധാന ചർച്ചകൾ ആരംഭിക്കുമെന്ന് പ്രതിനിധി മൈക്കൽ മക്കോൾ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അതേസമയം റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ യൂറോപ്പിന് സ്വന്തം സൈന്യം വേണമെന്ന ആവശ്യവുമായി യുക്രെയ്ന്‍ പ്രസിഡൻ്റ് രംഗത്തെത്തിയിരുന്നു. യൂറോപ്പിന് ഭീഷണിയായ വിഷയങ്ങളിൽ സഹകരിക്കാൻ യുഎസ് വിസമ്മതിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനാല്‍ യൂറോപ്പ് സ്വന്തം സായുധ സൈന്യത്തെ സൃഷ്ടിച്ചെടുക്കണമെന്ന് സെലന്‍സ്കി പറഞ്ഞു. മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സിലായിരുന്നു സെലന്‍സ്കിയുടെ ആഹ്വാനം. റഷ്യൻ ആക്രമണ സാധ്യതയ്‌ക്കെതിരെ യുഎസ് പിന്തുണ തുടരുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സെലന്‍സ്കി അഭിപ്രായം പങ്കുവച്ചത്.

SCROLL FOR NEXT