NEWSROOM

മുട്ടയ്ക്ക് വേണ്ടി ലിത്വാനിയയെ സമീപിച്ച് യുഎസ്; വാതിലുകൾ തോറും മുട്ടി യാചനയെന്ന് പരിഹാസം, ട്രംപിനെ ട്രോളി സോഷ്യൽ മീഡിയ

ഇതോടെ സോഷ്യൽ മീഡിയ ട്രംപിൻ്റെ നയതന്ത്രം ചർച്ചയാക്കി. മറ്റ് രാജ്യങ്ങൾക്ക് നികുതി ഏര്‍പ്പെടുത്തിയ ട്രംപ്, മുട്ടയ്ക്ക് വേണ്ടി രാജ്യങ്ങളുടെ വാതില്‍ പോയി ഭിക്ഷയാചിക്കുന്നുവെന്ന തരത്തിൽ കളിയാക്കലുകൾ നിറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ലോകത്തെ തന്നെ വെല്ലുവിളിച്ചെന്നോണമാണ് യുഎസിൽ ട്രംപ് വീണ്ടും അധികാരത്തിലേറിയത്. എന്നാൽ പ്രഡിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ഉയർത്തിപ്പിടിച്ച തല താഴ്ത്താൻ നിസാരനായ കോഴിമുട്ട മതിയായിരുന്നു. ഒരു മുട്ട ഇത്ര വലിയ സംഭവമാണോ എന്നാണ് ചോദ്യമെങ്കിൽ അമേരിക്കയിലെ ഇന്നത്തെ സാഹചര്യത്തിൽ അതെയെന്നാണ് ഉത്തരം.


അമേരിക്കയിലെ തീൻമേശകളിൽ പ്രധാന വിഭവമാണ് മുട്ട. ഇന്ന് അത് സമ്പന്നരുടടെ മാത്രം വിഭവമായി മാറിക്കൊണ്ടിരിക്കുന്നു.രാജ്യവ്യാപകമായി പടര്‍ന്ന് പിടിച്ച പക്ഷിപ്പനിയാണ് വില്ലനായത്. പതിനായിരക്കണക്കിന് മുട്ടക്കോഴികളെ കൊന്നൊടുക്കേണ്ടി വന്നതോടെ രാജ്യത്ത് മുട്ടയുത്പാദനം പ്രതിസന്ധിയിലായി. മുട്ടക്കള്ളക്കടത്ത് വരെ നടക്കുന്നെന്ന് റിപ്പോർട്ടുകളാണ് ഇപ്പോ പുറത്തുവരുന്നത്.

മുട്ട വില കുറയ്ക്കുമെന്നുള്ള വാഗ്ദാനത്തോടെയാണ് ട്രംപ് രണ്ടാം തവണ അധികാരം ഏറ്റെടുത്തത് . പക്ഷേ അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോൾ മുട്ട വില 59 ശതമാനം വര്‍ദ്ധിച്ചതായാണ് പുറത്തുവരുന്ന കണക്കുകൾ. ഇതിനിടെയാണ് യുഎസ് വിദേശനയത്തിൽ ട്രംപ് കാര്യമായ മാറ്റങ്ങൾ നിര്‍ദ്ദേശിച്ചത്. എല്ലാ ഇറക്കുമതി ഉത്പന്നങ്ങൾക്കും രാജ്യം നോക്കാതെ നികുതി വന്നതോടെ യുഎസ് വിപണിയെ ആശ്രയിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങൾ പ്രതിസന്ധിയിലായി. ഇതോടെപ്പം ഡെന്‍മാർക്കിനോട് ഗ്രീന്‍ലന്‍ഡ് ആവശ്യപ്പെട്ടതും മറ്റൊരു വിവാദമായി.

ഈ സാഹചര്യത്തിലാണ് മുട്ട തേടി അമേരിക്കയുടെ യാചന. ഇക്കാര്യത്തിൽ ഫിന്‍ലന്‍ഡ് യുഎസിനോട് മുഖം തിരിച്ചിരുന്നു. ഡെന്‍മാർക്കും സ്വീഡനും നെതർലന്‍ഡും പ്രതികരിച്ചിട്ടില്ല . ഇതോടെ മുട്ട ചോദിച്ച് ലത്വാനിയയെ സമീപിച്ചിരിക്കുകയാണ് യുഎസ്. ഇതോടെ സോഷ്യൽ മീഡിയ ട്രംപിൻ്റെ നയതന്ത്രം ചർച്ചയാക്കി. മറ്റ് രാജ്യങ്ങൾക്ക് നികുതി ഏര്‍പ്പെടുത്തിയ ട്രംപ്, മുട്ടയ്ക്ക് വേണ്ടി രാജ്യങ്ങളുടെ വാതില്‍ പോയി ഭിക്ഷയാചിക്കുന്നുവെന്ന തരത്തിൽ കളിയാക്കലുകൾ നിറഞ്ഞു.

കാര്യം വലിയ രാജ്യമൊക്കെ തന്നെ പക്ഷെ ചെറിയൊരു മുട്ടയ്ക്കുവേണ്ടി അലയുന്നു എന്ന തരത്തിലാണ് കൂടുതൽ കമൻ്റുകൾ വരുന്നത്. ചിലര്‍ ട്രംപ് - സെലന്‍സ്കി ചര്‍ച്ച വരെ എടുത്തിട്ടു. ശരിക്കും വാതിലിൽ മുട്ടിയുളള യാചനയായിപ്പോയെന്നായിരുന്നു ചിലരുടെ കമൻ്റ്. ഏതായാലും വലിയ നയപ്രഖ്യാപനങ്ങളുമായി കളത്തിലിറങ്ങിയ ട്രംപിന് പണികിട്ടാൻ ഒരു മുട്ട തന്നെ ധാരാളമായിരുന്നു.

SCROLL FOR NEXT