ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ഷിയാന്‍ 
NEWSROOM

യുഎസ് - തായ്‌വാന്‍ ആയുധ കച്ചവടം; യുഎസുമായുള്ള ആണവ ചർച്ചകള്‍ നിർത്തി വെച്ച് ചൈന

ചൈനയെ പ്രതിരോധിക്കാനായി തായ്‌വാന് 500 മില്യണ്‍ ഡോളറിന്‍റെ വിദേശ സൈനിക സഹായം നല്‍കിയെന്ന് യുഎസ് പ്രതിനിധി സഭ വെളിപ്പെടുത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

യുഎസുമായുള്ള ആയുധ നിയന്ത്രണ-ആണവ വ്യാപന ചര്‍ച്ചകള്‍ ചൈന നിര്‍ത്തിവെച്ചു. യുഎസ് തായ്‌വാനുമായി ആയുധ കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ചാണ് ചൈന ചര്‍ച്ചകളില്‍ നിന്നും പിന്‍മാറിയത്. ബുധനാഴ്ച, ചൈനയുടെ വിദേശകാര്യ മന്ത്രാലയമാണ് തീരുമാനം അറിയിച്ചത്.

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ഥികളും ചൈനയുടെ കിഴക്കനേഷ്യന്‍ സ്വാധീനത്തെ അടിച്ചമര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്. ചൈനയ്ക്ക് മേല്‍ വ്യാപാര ഉപരോധങ്ങള്‍ കൊണ്ടുവരാന്‍ ഇവര്‍ക്ക് പദ്ധതികളുണ്ട്. ഇത് കൂടി പരിഗണിച്ചാണ് ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ഷിയാന്‍ പറഞ്ഞു.

യുഎസ് ആണ് തായ്‌വാനുമായി ഏറ്റവും കൂടുതല്‍ ആയുധക്കച്ചവടം നടത്തുന്ന രാജ്യം. ചൈനയെ പ്രതിരോധിക്കാനായി തായ്‌വാന് 500 മില്യണ്‍ ഡോളറിന്‍റെ വിദേശ സൈനിക സഹായം നല്‍കിയെന്ന് യുഎസ് പ്രതിനിധി സഭ വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം വായ്പയായി രണ്ട് ബില്യണ്‍ ഡോളറും യുഎസ് നല്‍കിയിരുന്നു. തായ്‌വാന്‍ എഫ് 16 ഫൈറ്റര്‍ വിമാനങ്ങള്‍ നന്നാക്കുവാനായി 300 മില്യണ്‍ ഡോളറും യുഎസ് അനുവദിച്ചിട്ടുണ്ട്.

ചൈനയുടെ ശക്തമായ എതിര്‍പ്പുകളും ചര്‍ച്ചകളും അവഗണിച്ചാണ് യുഎസ് തായ്‌വാന് ആയുധങ്ങള്‍ നല്‍കിയതെന്ന് ലിന്‍ ഷിയാന്‍ പറഞ്ഞു. അന്താരാഷ്ട്ര ആയുധ നിയന്ത്രണങ്ങളില്‍ സംഭാഷണങ്ങളും വിനിമയങ്ങളും സാധ്യമാകണമെങ്കില്‍ ചൈനയുടെ താല്‍പര്യങ്ങളെ യുഎസ് മാനിക്കണമെന്നും ലിന്‍ ഷിയാന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര സര്‍ക്കാരുണ്ടെങ്കിലും തായ്‌വാനെ തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശമായാണ് ചൈന കണക്കാക്കുന്നത്. നിരന്തരമായി തായ്‌വാന്‍ അതിര്‍ത്തിയില്‍ ചൈന സൈനിക പരിശീലനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. തായ്‌വാന്‍ വിഘടനവാദികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ചൈനീസ് കോടതി അടുത്തിടെ ഉത്തരവിറക്കിയിരുന്നു. തായ്‌വാന് സ്വന്തമായ നീതിന്യായ സംവിധാനങ്ങളുള്ളതിനാല്‍ ഇത്തരമൊരു ഉത്തരവിന് നിയമപരമായ സാധ്യതകളില്ല.

ചൈനയുടെ പക്കല്‍ 500 ആണവായുധങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. യുഎസ് പ്രതിരോധ വകുപ്പിന്‍റെ കണക്കുകൂട്ടലുകള്‍ പ്രകാരം 2030ല്‍ ചൈനയുടെ പക്കല്‍ 1,000ല്‍ കൂടുതല്‍ ആണവായുധങ്ങളുണ്ടാകും. അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ആണവ നിരായുധീകരണ ഉടമ്പടി പ്രകാരം ചൈനയും യുഎസും തമ്മില്‍ നവംബറില്‍ ചര്‍ച്ച ആരംഭിച്ചത്. ഈ ചർച്ചകളാണ് യുഎസ് തായ്‌വാന്‍ ആയുധ കച്ചവടം ആരോപിച്ച് ചൈന അവസാനിപ്പിച്ചത്.

SCROLL FOR NEXT