ഉത്തരാഖണ്ഡ് ഹിമപാതത്തിൽ കുടുങ്ങിയതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം ആറ് ആയി. ഇന്ന് നടത്തിയ രക്ഷാദൗത്യത്തിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മന പോസ്റ്റിലേക്ക് എത്തിക്കുകയാണ്. ഇനി രണ്ട് പേരെ കണ്ടെത്താനുണ്ടെന്ന് ലെഫ്റ്റനൻ്റ് കേണൽ മനീഷ് ശ്രീവാസ്തവ PRO (ഡിഫൻസ്) ഡെറാഡൂൺ അറിയിച്ചു. കരസേന, ഐടിബിപി, വ്യോമസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവയുമായി സഹകരിച്ച് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിലെ ബദ്രിനാഥിന് അപ്പുറത്തുള്ള മാന ഗ്രാമത്തിലെ ഹിമപാതത്തിൽ തൊഴിലാളികൾ കുടുങ്ങിയത്. ആകെ 55 പേരായിരുന്നു അപകടത്തിൽ കുടുങ്ങിയത്. ആകെ 55 പേരായിരുന്നു അപകടത്തിൽ കുടുങ്ങിയത്. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ വ്യോമമാർഗം ജോഷിമഠ് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
രക്ഷാദൗത്യത്തിനായി ഹെലികോപ്ടറുകൾ വിന്യസിച്ചിട്ടുണ്ടെന്നും, മഞ്ഞുവീഴ്ച തടസം സൃഷ്ടിക്കുന്നുണ്ടെന്നും സ്ഥലം സന്ദർശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അഞ്ചോളം ബ്ലോക്കുകളിൽ മഞ്ഞുവീഴ്ച കാരണം വൈദ്യുതിയോ ഇൻ്റർനെറ്റ് സേവനങ്ങളോ ലഭ്യമല്ല. എത്രയും പെട്ടന്ന് തന്നെ സൗകര്യങ്ങൾ പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. 200ഓളം പേരെ ദൗത്യത്തിനായി വിന്യസിച്ചിട്ടുണ്ടെന്നും പുഷ്കർ സിങ് ദാമി പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ക്യാമ്പിലെ തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ബദ്രിനാഥിന് അപ്പുറത്തുള്ള മാന എന്ന ഗ്രാമത്തിലാണ് ഹിമപാതമുണ്ടായത്. റോഡ് നിര്‍മാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിയത്. ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതവും തടസപ്പെട്ടിരുന്നു.
നേരത്തെ ഫെബ്രുവരി 28ന് ഹിമപാതമുണ്ടായേക്കുമെന്ന് ലാഹോൾ, സ്പിതി പൊലീസ് മുന്നറിയിപ്പ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിനോദ സഞ്ചാരികളോടും പ്രദേശവാസികളോടും ജാഗ്രത പാലിക്കണമെന്നും നോട്ടീസിൽ സൂചിപ്പിച്ചിരുന്നു. പ്രദേശത്ത് കനത്ത മഴയും മലവെള്ളപ്പാച്ചിലും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.