പുഷ്കർ സിംഗ് ധാമി 
NEWSROOM

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ; അവസാനഘട്ട നടപടികൾ പൂർത്തിയായി

നവംബർ ഒമ്പതിന് മുൻപ് സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നിലവിൽ വന്നേക്കും

Author : ന്യൂസ് ഡെസ്ക്


ഏകീകൃതസിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. സിവിൽ കോഡിന് വേണ്ടിയുള്ള ചട്ടങ്ങൾ രൂപീകരിക്കുന്ന സമിതി ചർച്ചകൾ പൂർത്തിയാക്കിയതായി സർക്കാർ അറിയിച്ചു. സമിതിയുടെ നിർദേശങ്ങൾ ബുക്ക്‌ലെറ്റായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് സമർപ്പിക്കും. ഇത് അംഗീകരിച്ചാൽ നവംബർ ഒമ്പതിന് മുൻപ് സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നിലവിൽ വന്നേക്കും.

കഴിഞ്ഞ ഫെബ്രുവരിയിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കിയിരുന്നു. മാർച്ച് 13 ന് പ്രസിഡൻ്റ് ദ്രൗപതി മുർമു ബില്ലിൽ ഒപ്പുവച്ചു. ഇതോടെ നിയമം നടപ്പിലാക്കാൻ പോകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. നവംബർ ഒമ്പതിന് മുമ്പ് സംസ്ഥാന സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

"കോപ്പിയടി വിരുദ്ധ നിയമത്തിന് പുറമെ, മതപരിവർത്തന നിരോധന നിയമം, കലാപ നിരോധനം തുടങ്ങിയ നിയമങ്ങളും സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഇവയെല്ലാം നടപ്പിലാക്കിയതോടെ, കുറ്റകൃത്യങ്ങളോട് ഒട്ടും സഹിഷ്ണുതയില്ലാത്ത, അച്ചടക്കമുള്ള സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. 2024 നവംബർ 9-ന് മുമ്പ് സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡും നടപ്പാക്കും," പുഷ്കർ സിംഗ് ധാമിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.


SCROLL FOR NEXT