എസ് പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തതിൽ പ്രതികണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുജിത്ത് ദാസിന്റെ സസ്പെൻഷനിലൂടെ മുഖ്യമന്ത്രി പറഞ്ഞുവെക്കുന്നത് ശശിയെയും അജിത് കുമാറിനെയും ഒന്നും ചെയ്യില്ല എന്നാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. സംശയിച്ച് സംശയിച്ചാണ് സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത്. എംഎൽഎയുടെ കാലു പിടിച്ച ആളാണ് എസ് പി എന്നും മൂന്ന് ഉദ്യോഗസ്ഥരെ കുറിച്ച് അനാവശ്യം പറഞ്ഞ ആളാണെന്നും സതീശൻ പറഞ്ഞു.
അന്വേഷണം സുതാര്യമായാണ് നടക്കേണ്ടത്. അതിന് ആരോപണ വിധേയരെ മാറ്റി നിർത്തണം. മാമിയുടെ തിരോധാനത്തിലും സിബിഐ അന്വേഷണം വേണം. സർക്കാർ ആരെയാണ് പേടിക്കുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു. തൃശൂർ പൂരം കലക്കിയത് അന്ന് അവിടെ ഉണ്ടായ എഡിജിപിയാണ്. ഇതൊക്കെ പ്ലാൻഡ് ആണ്. വടക്കേ ഇന്ത്യയിൽ വോട്ട് കിട്ടാൻ വർഗീയ കലാപം ഉണ്ടാക്കുന്നതു പോലെയാണ് ഇത്. ഹൈന്ദവ വോട്ട് ലഭിക്കാനാണ് തൃശൂർ പൂരം കലക്കിയതെന്നും വി ഡി സതീശൻ ആരോപിച്ചു.
നിയമസഭ കയ്യാങ്കളിയിൽ കെ ടി ജലീലിനെ പരിഹസിക്കുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു. പ്രായമായാൽ തിരിച്ചറിവ് ഉണ്ടാകും. സ്വയം നവീകരിക്കണം. ജലീലിന്റെ നല്ല മനസ്സ് മാതൃകയാക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Also Read: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച്; രാഹുൽ മാങ്കൂട്ടത്തിലിനും അബിൻ വർക്കിക്കുമെതിരെ കേസ്