തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഖദർ ഇട്ട് ചെന്നാൽ ആളുകൾ വാതിൽ അടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുന്നൊരുക്കങ്ങൾ നടത്തിയാൽ തെരഞ്ഞെടുപ്പിൽ വിജയിക്കാം. തോറ്റ തെരഞ്ഞെടുപ്പികളിൽ മുന്നോരുക്കങ്ങൾ ഉണ്ടായില്ല എന്ന് മനസിലാക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു. അധികാരം ലഭ്യമായാൽ മാത്രമേ സമൂഹത്തിനായി എന്തേലും ചെയ്യാനാകു, എന്ത് പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും തെരഞ്ഞെടുപ്പ് വരാനുണ്ട് എന്ന് ഓർക്കണമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ആശമാർക്കെതിരെയുള്ള മന്ത്രി ബിന്ദുവിൻ്റെ പ്രസ്താവനക്കെതിരെ വി. ഡി. സതീശൻ പ്രതികരിച്ചു. ആശാ സമരത്തെ വനിതാ മന്ത്രിമാർ പോലും പരിഹസിക്കുന്നു.വനിതകളാണ് സമരം നടത്തുന്നതെന്ന് പരിഗണന പോലും നൽകുന്നില്ലെന്നും സതീശൻ പറഞ്ഞു. തൊഴിലാളിവർഗ പാർട്ടി എന്ന് പറയുന്നവർക്ക് ആശാ സമരത്തോട് പുച്ഛമാണ്. തീവ്ര വലതു പക്ഷ നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ലഹരിക്കെതിരെ പേരിനെങ്കിലും പരിശോധന നടത്തിയത് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടപ്പോഴാണ്. ലഹരിക്ക് എതിരായ ബോധവൽക്കരണം പോലീസും എക്സൈസും അല്ല ചെയ്യേണ്ടത്. ബോധവൽക്കരണംഇവരുടെ ചുമതലയിൽ നിന്നും മാറ്റണം. ലഹരി മാഫിയുടെ മുകൾത്തട്ടിലേക്ക് അന്വേഷണം എത്തണം", വി.ഡി. സതീശൻ പറഞ്ഞു. ഗവർണർ സവർക്കറെ പുകഴ്ത്തുന്ന പാർട്ടിയുടെ ഭാഗമായിരുന്നു. അരുൺ ഷൂരിയുടെ സവർക്കറെ കുറിച്ചുള്ള പുസ്തകം ഗവർണർ വായിക്കണമെന്നും വി. ഡി. സതീശൻ ഓർമപ്പെടുത്തി. ഡിലിമിറ്റേഷനു എതിരായ സ്റ്റാലിൻ വിളിച്ച യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതിൽ തെറ്റില്ലെന്നും, ഇന്ത്യ മുന്നണിയുടെ നയത്തിൻ്റെ ഭാഗമായാണ് പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.