NEWSROOM

നെഹ്റു ട്രോഫി വള്ളംകളി ഒരു നാടിൻ്റെ വികാരം; അനിശ്ചിതമായി മാറ്റിവെക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല: വി എൻ വാസവൻ

ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഉറപ്പാക്കുമെന്നും ഓണത്തോട് അനുബന്ധിച്ച് കഴിയുന്നത്ര നേരത്തെ വള്ളംകളി നടത്തുമെന്നും വി എൻ വാസവൻ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

നെഹ്റു ട്രോഫി വള്ളംകളി ഒരു നാടിൻ്റെ വികാരമാണെന്നും, അനിശ്ചിതമായി മാറ്റിവെക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. വള്ളംകളി നടത്തണമെന്ന് തന്നെയാണ് അഭിപ്രായം. ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഉറപ്പാക്കുമെന്നും ഓണത്തോട് അനുബന്ധിച്ച് കഴിയുന്നത്ര നേരത്തെ വള്ളംകളി നടത്തുമെന്നും വി എൻ വാസവൻ അറിയിച്ചു. വിപുലമായ സംഘാടക സമിതി ഉടൻ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നെഹ്‌റു ട്രോഫി ജലമേളയുടെ പേരിൽ സർക്കാരും പ്രതിപക്ഷവും തമ്മിൽ തർക്കം തുടരുകയാണ്. ജലമേള ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങണമെന്ന് കെസി വേണുഗോപാൽ എം പി മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ മന്ത്രിമാർ രംഗത്തെത്തിയിരുന്നു. ജലമേള നടത്തുമെന്ന് മന്ത്രി എം ബി രാജേഷും പറഞ്ഞിരുന്നു. ടൂറിസം വകുപ്പ് 1 കോടി രൂപ നൽകുമെന്ന് നേരത്തെ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.

നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ട് കേരള ബോട്ട് റേസസ് ഫെഡറേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി നിവേദനം നൽകിയിരുന്നു.എന്നാൽ ജലമേള നടത്തുന്നത് സർക്കാർ ആലോചിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സർക്കാർ സഹായം ലഭിക്കില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ആലപ്പുഴയിലെ കോൺഗ്രസ് എം പി മാർ രംഗത്ത് എത്തിയത്. നെഹ്‌റു ട്രോഫി ഉപേക്ഷിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഇതേ ആവശ്യമായി കെസി വേണുഗോപാൽ എംപി മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി.

ബേപ്പൂർ ബോട്ട് ഫെസ്റ്റ് നടത്തുമെന്ന മുഹമ്മദ് റിയാസിൻ്റെ പ്രഖ്യാപനത്തോടെ നെഹ്റു ട്രോഫി ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് എതിരെ കടുത്ത വിമർശനം ഉയർന്നു ഇതോടെ നെഹ്റു ട്രോഫിയ്ക്ക് 1 കോടി രൂപ നൽകുമെന്ന് മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. നെഹ്റു ട്രോഫി ഉപേക്ഷിക്കുമെന്നത് പ്രതിപക്ഷത്തിൻ്റെ പുക മറ സൃഷ്ടിക്കലാണെന്ന് ആലപ്പുഴ എം എൽ എ ചിത്തരഞ്ജനും തിരിച്ചടിച്ചു.

വള്ളംകളി ആരാധകരും ബോട്ട് ക്ലബ് ഉടമകളും പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെയാണ് മന്ത്രിമാരായ എം ബി രാജേഷും വി എൻ വാസവനും നെഹ്‌റു ട്രോഫി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയത്. നെഹ്‌റു ട്രോഫി നടത്തുമെന്ന് പറയുമ്പോഴും തീയതി പ്രഖ്യാപിക്കാനോ ജലമേളയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിക്കാനോ സർക്കാർ നിർദ്ദേശം നൽകിയിട്ടില്ല. നെഹ്‌റു ട്രോഫി നടത്തുന്നതിന് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ മറുപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വള്ളംകളി ആരാധകരും ബോട്ട് ഉടമകളും.

SCROLL FOR NEXT