NEWSROOM

ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാനുള്ള സംവിധാനമൊരുക്കും; മുഗള്‍ സാമ്രാജ്യ ചരിത്രം ഒഴിവാക്കിയ NCERT നടപടിയിൽ വി. ശിവന്‍കുട്ടി

വളരെ ലാഘവത്തോടെയാണ് ഈ പാഠഭാഗങ്ങള്‍ വെട്ടിമാറ്റുന്നത്. ബിജെപിക്ക് കുട്ടികള്‍ ചരിത്രം പഠിക്കേണ്ടതില്ലെന്ന നിലപാട്.

Author : ന്യൂസ് ഡെസ്ക്


പാഠ പുസ്തകങ്ങളെ വര്‍ഗീയ വത്കരിക്കാനുള്ള നീക്കം നേരത്തെ തന്നെ ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ സാമ്രാജ്യ ചരിത്രം വെട്ടിമാറ്റാനുള്ള എന്‍സിആര്‍ഇടിയുടെ തീരുമാനവുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.

അക്കാദമിക് മര്യാദ ഇല്ലാതെ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നു. മെയ് രണ്ടിന് എന്‍സിഇആര്‍ടിയുടെ യോഗത്തില്‍ പങ്കെടുക്കും. വളരെ ലാഘവത്തോടെയാണ് ഈ പാഠഭാഗങ്ങള്‍ വെട്ടിമാറ്റുന്നത്. ബിജെപിക്ക് കുട്ടികള്‍ ചരിത്രം പഠിക്കേണ്ടതില്ലെന്ന നിലപാട്. അവര്‍ക്ക് ബിജെപിയുടെ ചരിത്രം പഠിച്ചാല്‍ മതിയെന്ന ചിന്താഗതിയാണ്. ഇതിനെതിരെ ശക്തമായ നിലപാട് തന്നെ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസത്തെ കാവല്‍വത്കരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിന് വേണ്ടിയുള്ള സംവിധാനം ഒരുക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ ചരിത്രം വെട്ടിമാറ്റി മഗധ സാമ്രാജ്യം ഉള്‍പ്പെടുത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. പുതിയ ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമായി നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഡല്‍ഹി സുല്‍ത്താനേറ്റ് ചരിത്രം ഒഴിവാക്കി മകരം, മൗര്യ, ശുംഗ, ശതവാഹന തുടങ്ങിയ രാജവംശങ്ങളെക്കുറിച്ചുള്ള അധ്യായങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ 10,12 ക്ലാസുകളിലെ പാഠ പുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രം, ഗോധ്ര കലാപം, ഗാന്ധി വധം തുടങ്ങിയ പാഠഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നു.

SCROLL FOR NEXT