NEWSROOM

സർക്കാർ അധ്യാപകർ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ ജോലി ചെയ്യാൻ പാടില്ല: വിദ്യാഭ്യാസ മന്ത്രി

ചോദ്യപേപ്പറിലെ വിവരങ്ങള്‍ പുറത്തുവന്നത് യൂട്യൂബ് ചാനലിന്റെ മിടുക്കാണെന്ന് കരുതേണ്ട. സംഭവം പൊതു വിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

സർക്കാർ അധ്യാപകർ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ ജോലി ചെയ്യാൻ പാടില്ലെന്ന നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സർക്കാർ അധ്യാപകർ ട്യൂഷൻ സെൻ്ററുകളിൽ പഠിപ്പിക്കുന്നത് ചട്ടവിരുദ്ധമാണ്. ഇത്തരം അധ്യാപകരെ കണ്ടെത്താൻ പൊലീസും വിജിലൻസും പരിശോധന നടത്തുമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.


അതേസമയം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിവരങ്ങൾ പരിശോധിച്ചതിനു ശേഷം തുടർ നടപടികൾ എടുക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഇത്തരത്തിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. ചോർന്ന പരീക്ഷ വീണ്ടും നടത്തേണ്ട ആവശ്യമില്ലെന്നും ചെറിയ ചെറിയ വിഷയങ്ങൾ പർവതീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

 കഴിഞ്ഞ ദിവസമാണ് എംഎസ് സൊല്യൂഷന്‍സ് എന്ന യൂട്യൂബ് ചാനലിലൂടെ ക്രിസ്തുമസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ പ്ലസ് വണ്‍ കണക്കു പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകൾ ചോര്‍ന്നത്. എന്നാൽ ഈ ചോദ്യപേപ്പർ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ ഒരു വ്യക്തതയില്ല. ചോദ്യപേപ്പറിലെ വിവരങ്ങള്‍ പുറത്തുവന്നത് യൂട്യൂബ് ചാനലിന്റെ മിടുക്കാണെന്ന് കരുതേണ്ട. സംഭവം പൊതു വിദ്യാഭ്യാസ മേഖലയോടുള്ളവെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.


SCROLL FOR NEXT