NEWSROOM

കാടു കയറിയ വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് പദ്ധതി; അനിശ്ചിതത്വത്തില്‍ ആയ അഞ്ച് വര്‍ഷങ്ങള്‍

സ്വര്‍ണ്ണ കടത്ത് കേസിനൊപ്പം പുറത്ത് വന്ന ലൈഫ് മിഷന്‍ അഴിമതിയും കോടതിയുടെ പരിഗണനയിലാണ്.

Author : ന്യൂസ് ഡെസ്ക്

പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് പദ്ധതി പാതി വഴിയില്‍ മുടങ്ങിയിട്ട് അഞ്ച് വര്‍ഷങ്ങള്‍. വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ് അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് അനിശ്ചിതത്വത്തില്‍ ആയത്.

140 കുടുംബങ്ങള്‍ക്ക് വീട് ഒരുക്കാനുള്ള പദ്ധതിയായിരുന്നു വടക്കാഞ്ചേരി ലൈഫ് മിഷന്‍. കേസില്‍ വിവിധ ഏജന്‍സികള്‍ നടത്തി വരുന്ന അന്വേഷണവും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. സ്വര്‍ണ്ണ കടത്ത് കേസിനൊപ്പം പുറത്ത് വന്ന ലൈഫ് മിഷന്‍ അഴിമതിയും കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം തുടരുന്നതിനോ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനോ ഒരു ഘട്ടത്തിലും കോടതിയുടെ വിലക്കുകള്‍ ഉണ്ടായിട്ടില്ല.

2021ല്‍ ഫ്‌ളാറ്റുകളുടെ ബല പരിശോധന നടത്തിയിരുന്നു. കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന പരിശോധന റിപ്പോര്‍ട്ടും അധികാരികള്‍ക്ക് മുന്നിലുണ്ട്. മുടങ്ങിപ്പോയ പദ്ധതി പൂര്‍ത്തിയാക്കിയാല്‍ 140 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ കൈമാറാനാകും. ഇതിലൂടെ, നിര്‍മ്മാണത്തിനായി ചെലവഴിച്ച കോടിക്കണക്കിന് രൂപ പാഴാവാതെ തടയാനും സംസ്ഥാന സര്‍ക്കാരിനാകും. 

പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയാണ് വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റുകളെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം. പക്ഷെ 2018ലെ പ്രളയം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി പാതിവഴിയിലാണ്.

2019ലാണ് വടക്കാഞ്ചേരി നഗരസഭയിലെ ചരല്‍പറമ്പില്‍ 2.18 ഏക്കര്‍ സ്ഥലത്ത് ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതിനായി യുഎഇ ആസ്ഥാനമായ റെഡ് ക്രസന്റ് എന്ന കമ്പനി ലൈഫ് മിഷനുമായി കരാര്‍ ഒപ്പിട്ടത്. 140 ഫ്‌ളാറ്റുകളുടെ നിര്‍മാണം യൂണിടാക് എന്ന കമ്പനിയെയാണ് ഏല്‍പ്പിച്ചത്. സിബിഐ കേസ് എടുത്തതോടെ നിര്‍മാണത്തില്‍ നിന്ന് യുണിടാക് പിന്മാറി.

ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെയാണ് വടക്കാഞ്ചേരിയിലെ പണി പൂര്‍ത്തിയാക്കാതെ ഉപേക്ഷിക്കപ്പെട്ട കെട്ടിടം വീണ്ടും ചര്‍ച്ചയായത്. മുടങ്ങിക്കിടക്കുന്ന ഫ്‌ളാറ്റുകളുടെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പള്ളി 2022ല്‍ നിയമസഭയില്‍ വിഷയം അവതരിപ്പിക്കുകയും മുഖ്യമന്ത്രി ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്‌തെങ്കിലും പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തില്‍ ആണ്.

SCROLL FOR NEXT