വാഗമണിലെ പ്രധാന ടൂറിസം കേന്ദ്രമായ ഗ്ലാസ് ബ്രിഡ്ജിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. സുരക്ഷാകാരണങ്ങളെ തുടര്‍ന്ന് അടച്ചിട്ട ഗ്ലാസ് ബ്രിഡ്ജാണ് സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുന്നത്. പാലത്തിന്റെ സുരക്ഷ, സ്ഥിരത എന്നിവയെപ്പറ്റി കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനിയറിങ്ങ് വിഭാഗം നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം വീണ്ടും തുറക്കാൻ തീരുമാനിച്ചത്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ബ്രിഡ്‌ജിന്‍റെ പ്രവര്‍ത്തനം. പാലത്തിൽ എന്നു മുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല
മെയ് 30നാണ് സംസ്ഥാന ടൂറിസംവകുപ്പ് ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിയത്. വാഗമണ്‍ കോലാഹലമേട്ടിൽ അഡ്വഞ്ചര്‍ പാര്‍ക്കിന്റെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മിച്ചത്.
ALSO READ : കേരളത്തില്‍ പൂച്ചയ്ക്ക് പെറ്റുകിടക്കാന്‍ പറ്റിയ സ്ഥലം സര്‍ക്കാര്‍ ഖജനാവ്; വി.ഡി. സതീശന്‍
രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന പേരിലാണ് ഇത് പ്രശസ്തമായത്. ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ചില്ലുപാലം നിര്‍മിച്ചത്.
സമുദ്രനിരപ്പിൽനിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണിൽ 120 അടി നീളത്തിൽ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടിയായിരുന്നു ചെലവ്. 35 ടൺ സ്റ്റീലാണ് നിർമാണത്തിന് ഉപയോഗിച്ചത്. ഒരേസമയം 15പേർക്ക് കയറാം. മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ കാണാനാകും. ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫോൾ, ജയന്റ് സ്വിങ്, സിപ്‌ലൈൻ തുടങ്ങിയവയും സാഹസിക പാർക്കിലുണ്ട്. 250 രൂപയാണ് പ്രവേശനഫീസ്.